05 February, 2020 10:52:13 PM


കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീ തെറിച്ചു വീണ സംഭവം: ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കും




കൽപ്പറ്റ : വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കും. വയനാട് ആര്‍ടിഒ ആണ് സംഭവത്തിനു പിന്നാലെ നടപടി എടുത്തിരിക്കുന്നത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കാനാണ് നീക്കം.


ഇരുവരോടും തിങ്കളാഴ്ച ആര്‍ടിഒ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്നും റോഡിലേയ്ക്ക് തെറിച്ചു വീണാണ് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റത്.വയനാട് വൈത്തിരിയിലാണ് സംഭവം. ബസില്‍ ഓട്ടോമാറ്റിക് ഡോര്‍ ആണ്. അത് അടഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. 55 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീക്കാണ് അപകടമുണ്ടായത്. യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ബസില്‍ നിന്നു സ്ത്രീ വീണതിന് തൊട്ടുപിറകേ മത്സരിച്ചോടുന്ന പ്രൈവറ്റ് ബസും ഉണ്ടായിരുന്നു. ഈ ബസ് ഇടിക്കുന്നതില്‍ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപെട്ടത്. സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോടും കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K