07 February, 2020 07:32:45 PM


വൈദ്യുതിബന്ധം വിശ്ചേദിച്ചു; കോട്ടയം ടെക്‌സ്റ്റയില്‍സ് പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു

- സ്വന്തം ലേഖകന്‍



കോട്ടയം: കേരളാ സംസ്ഥാന ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍റെ കീഴില്‍ കോട്ടയം വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്സ്റ്റയില്‍സിന്‍റെ പ്രവര്‍ത്തനം പാടെ നിലച്ചു. വൈദ്യുതി കുടിശിഖയെതുടര്‍ന്ന് വെള്ളിയാഴ്ച കെഎസ്ഈബി അധികൃതര്‍ എത്തി വൈദ്യുതിബന്ധം വിശ്ചേദിച്ചതോടെയാണിത്. 12 ലക്ഷം രൂപയാണ് വൈദ്യുതിചാര്‍ജ് ഇനത്തില്‍ അടയ്ക്കാനുള്ളത്. പല തവണ നോട്ടീസ് നല്‍കിയിട്ടും കുടിശിഖ അടയ്ക്കാന്‍ തയ്യാറാകാതെ വന്നതോടെ സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് വൈദ്യുതി ബന്ധം വിശ്ചേദിച്ചത്.


സാമ്പത്തികപ്രതിസന്ധിയും അസംസ്‌കൃതവസ്തുക്കളുടെ അഭാവവും മൂലം ഒരു മാസമായി പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം നീണ്ടൂര്‍ സെക്ഷനില്‍ നിന്നും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എത്തിയാണ് വൈദ്യുതിബന്ധം വിശ്ചേദിച്ചത്. പ്രവര്‍ത്തനം നിലച്ച സ്പിന്നിംഗ് മില്ലില്‍ ഈ സമയം ഏതാനും ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസം മുമ്പ് മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തിയിരുന്നതാണിവിടെ. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ വളരെ നാമമാത്രമായ തോതില്‍ മാത്രമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വൈദ്യുതി ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമായതായി അധികൃതര്‍ പറയുന്നു.


പ്രവര്‍ത്തനം നടന്നില്ലെങ്കിലും മില്ലിനോട് ചേര്‍ന്ന് താമസിക്കുന്ന ജീവനക്കാര്‍ക്ക് സഹായമായി പ്രദേശത്ത് ലഭിച്ചിരുന്ന വെളിച്ചം വെള്ളിയാഴ്ച അണഞ്ഞു. അഞ്ച് വര്‍ഷം മുമ്പും ഇതേ അവസ്ഥ സംജാതമായിരുന്നു. 2016 സെപ്തംബര്‍ 30ന് ഇലക്ട്രിസിറ്റി ബോര്‍ഡ് വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ താഴ് വീണ സ്ഥാപനം പിന്നീട് തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരുടെ കഷ്ടതകള്‍ക്ക് ഇനിയും പരിഹാരമായില്ല. ഒരു കോടി ഒരു ലക്ഷത്തില്‍പരം രൂപ വൈദ്യുതി കുടുശിഖ വന്നതിനെ തുടര്‍ന്നാണ് അന്ന് ബോര്‍ഡ് ഫ്യൂസ് ഊരിയത്. ഏറെ കാത്തിരിപ്പിനു ശേഷം സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് തുറന്ന മില്ലില്‍ ഉത്പാദനം പൂര്‍ണ്ണമായി നിലച്ചിട്ട് ഒരു മാസത്തോളമായി.


ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടിശിഖയായിട്ട് മാസങ്ങളായി. പിരിഞ്ഞുപോയവരുടെ ക്ഷേമനിധി, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ തന്നെ നാല് കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍. വൈദ്യുതി കുടിശിഖയും കോടികളുണ്ടത്രേ. 2015 വരെ മൂന്ന് ഷിഫ്റ്റുകളിലായി മുന്നൂറിലധികം ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. ഒരു ദശാബ്ദം മുമ്പ് വരെ വളരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് വേദഗിരിയിലെ സ്പിന്നിംഗ് മില്‍. ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ ലാഭമുണ്ടായിരുന്നതായും തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. കോര്‍പ്പറേഷന്റെ കീഴില്‍ കേരളത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന മില്ലും ഇതായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K