14 February, 2020 08:49:01 PM


കെഎസ്ആർടിസി ബസ് കത്തിയമര്‍ന്നു; പമ്പ റൂട്ടില്‍ ഒഴിവായത് വന്‍ ദുരന്തം



പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പാ​ത​യി​ൽ കെഎസ്ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു. പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഓട്ടത്തിനിടെ തീകത്തി നശിച്ചു. യാത്രക്കാരായ അയ്യപ്പന്മാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.50ന്  ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഡിപ്പോയുടെ ലോഫ്ലോർ നോൺ എസി ജൻറം ബസ് ജെഎൻ 551ന് ആണ് തീപിടിച്ചത്.


തീ​പി​ടി​ത്ത​ത്തി​ൽ ഡ്രൈ​വ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ബസിന്റെ പിന്നിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ ഭാഗം ഡീസൽ ടാങ്കിൽ തട്ടിയാണ് തീ ഉണ്ടായത്. ബസിൽ 70 യാത്രക്കാർ ഉണ്ടായിരുന്നു. അപകടം ഉണ്ടായ ഉടനെ ബസിന്‍റെ രണ്ടു വാതിലും തുറക്കാൻ കഴിഞ്ഞു.യാത്രക്കാർ വാതലിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് ചാടിയാണ് രക്ഷപെട്ടത്. വശങ്ങളിലൂടെ ചാടിയവർക്കാണ് നിസാര പരുക്കുപറ്റിയത്. കുറെ പേരുടെ ഇരുമുടിക്കെട്ടുകളും തോൾ സഞ്ചികളും നഷ്ടപ്പെട്ടു.


മൊബൈൽ റേഞ്ച് ഉള്ള സ്ഥലത്തല്ലായിരുന്നു അപകടം നടന്നത്. അതിനാൽ അപകടം പമ്പയിലും നിലയ്ക്കലും അറിയിക്കാൻ വൈകി. പമ്പ- നിലയ്ക്കൽ റൂട്ടിൽ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് പമ്പയിൽ എത്തിയാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് വനത്തിലേക്ക് തീപടർന്നു. ഇതേ തുടർന്ന് പമ്പ-നിലയ്ക്കൽ റൂട്ടിൽ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K