19 February, 2020 02:10:57 PM


കുരുക്കഴിഞ്ഞ് മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ് നിര്‍മ്മാണം; രണ്ടാം ഘട്ടം ഉദ്ഘാടനം നാളെ



ഏറ്റുമാനൂര്‍: കുരുക്കഴിഞ്ഞ് മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ് നിര്‍മ്മാണം. ഏറ്റുമാനൂര്‍ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള മൂന്നാം ഘട്ടനിര്‍മ്മാണങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയണ്. അതേസമയം, രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ റോഡിന്‍റെ ഉദ്ഘാടനം 20ന് നടക്കും.


മൂന്നര പതിറ്റാണ്ട് മുമ്പ് വിഭാവന ചെയ്ത മണര്‍കാട് - പട്ടിത്താനം ബൈപാസ് ഇനിയും പൂര്‍ത്തിയാകാത്തതില്‍ പരക്കെ പ്രതിഷേധം നിലനില്‍ക്കെയാണ് അല്‍പ്പം ആശ്വാസത്തിന് വകയേകി മൂന്നാം ഘട്ടത്തിന് ടെന്‍ഡര്‍നടപടികളായി എന്ന വാര്‍ത്ത പുറത്തുവരുന്നത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ വരെ സ്ഥലമെടുപ്പിനും റോഡ് നിര്‍മ്മാണത്തിനും കൂടി  72 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പണി അനിശ്ചിതത്വത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ആക്ട് അനുസരിച്ച് തന്നെ സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തികള്‍ കേസ് നല്‍കിയതോടെയാണ് നിര്‍മ്മാണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നത്. 


രണ്ടു ഘട്ടങ്ങളായാണ് മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള പണികള്‍ നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. ഇതില്‍ മീനച്ചിലാറിനു കുറുകെയുള്ള പാലവും ഉള്‍പ്പെട്ടിരുന്നു. സ്ഥലമേറ്റെടുക്കുന്നതില്‍ സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ തുടര്‍പണികള്‍ അനന്തമായി നീണ്ടു. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം വീണ്ടും ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. പാറകണ്ടത്തിനും പട്ടിത്താനത്തിനും ഇടയില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായതോടെയാണ് പൊതുമരാമത്ത് നിരത്തുവിഭാഗം ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിരിക്കുന്നത്. 


മൂന്നാം ഘട്ടത്തിന് 12.6 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പണികള്‍ പുരോഗമിക്കുന്ന മുറയില്‍ സ്ഥലമേറ്റെടുപ്പും പൂര്‍ത്തിയാകും. 15 മീറ്റര്‍ വീതിയില്‍ 1.79 കിലോമീറ്റര്‍ നീളത്തിലാണ് മൂന്നാം ഘട്ടം പണി പൂര്‍ത്തിയാകാനുള്ളത്. പട്ടിത്താനം ജംഗ്ഷനില്‍ എം.സി.റോഡിലാണ് ബൈപാസ് റോഡ് സംഗമിക്കുക. ഇതോടെ എം.സി.റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ കുരുക്കൊഴിവാക്കി തിരുവല്ലയില്‍ എത്താനാവും. ഒപ്പം കിഴക്കന്‍ പ്രദേശങ്ങലിലേക്കുള്ള വാഹനങ്ങള്‍ക്കും ഗതാഗതം സുഗമമാകും. ഏറ്റുമാനൂര്‍ നഗരത്തിലെ കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാനാവുമെന്നതും ആശ്വാസമേകുന്നു.


രണ്ടാം ഘട്ടം റോഡ് ഉദ്ഘാടനം നാളെ


മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ രണ്ടാം ഘട്ടമായി നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗം 20ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4.30ന് പാറകണ്ടം ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനാവും. പേരൂര്‍ പൂവത്തുംമൂട് കവല മുതല്‍ പാലാ റോഡില്‍ ഏറ്റുമാനൂര്‍ പാറകണ്ടം  വരെയുള്ള ഭാഗമാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയായത്.  19 കോടി 5 ലക്ഷം രൂപയാണ് പൂവത്തുംമൂട് മുതല്‍ പാറകണ്ടം വരെയുള്ള പണികള്‍ക്കായി വകയിരുത്തിയത്. 


പേരൂര്‍ റോഡാണ് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ രൂപമാറ്റം വരുത്തി ബൈപാസ് റോഡാക്കിയത്. ഒട്ടേറെ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിമ്പനം തോടിനു കുറുകെയുള്ള പാലം 17 മീറ്റര്‍ വീതിയിലും 5 മീറ്റര്‍ നീളത്തിലും പൊളിച്ചു പണിതതുള്‍പ്പെടെയുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു. പൂവത്തുംമൂട്, മന്നാമല, ചെറുവാണ്ടൂര്‍ എന്നിവിടങ്ങളില്‍ വളവുകള്‍ ഒഴിവാക്കി പുതിയ റോഡ് പണിതു. ചാലയ്ക്കല്‍ ക്ഷേത്രം, ചെറുവാണ്ടൂര്‍ എന്നിവിടങ്ങളില്‍ റോഡ് നിരപ്പാക്കി.  


സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് സ്വകാര്യവ്യക്തിയുമായി നിലനിന്ന തര്‍ക്കം ഈ ഭാഗത്തെ റോഡുപണി അനന്തമായി നീളുന്നതിന് കാരണമായിരുന്നു. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ  ഇടപെട്ട് ജില്ലാ കളക്ടറും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലമുടമയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഭൂമിയുടെ വില ലഭ്യമാക്കാമെന്ന് ലഭിച്ച ഉറപ്പിന്‍മേല്‍ സ്ഥലം വിട്ടുകൊടുത്തതോടെയാണ് രണ്ടാം ഘട്ടമായി പൂവത്തുംമൂട് മുതല്‍ പാറകണ്ടം വരെയുള്ള പണികള്‍ നടന്നത്.


പാലാ റോഡില്‍ ഫ്ലൈ ഓവര്‍ വേണം


മണര്‍കാട് - പട്ടിത്താനം ബൈപാസ് റോഡ് പൂര്‍ത്തിയാകുന്നതോടൊപ്പം ഏറ്റുമാനൂരില്‍ പാലാ റോഡിന് കുറുകെ ഫ്ലൈ ഓവര്‍ പണിയണമെന്ന ആവശ്യവും ഉയര്‍ന്നു. ബൈപാസ് പൂര്‍ണമാകുന്നതോടെ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ഏറ്റുമാനൂരില്‍ ഒരു നാല്‍ക്കവല കൂടിയാണ് രൂപം കൊള്ളുക. ഇത് പാലാ റോഡിലെ കുരുക്ക് വര്‍ദ്ധിപ്പിക്കും. മാത്രമല്ല അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടാകാണിക്കപ്പെടുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K