19 February, 2020 02:55:33 PM


ശബരിമല യുവതി പ്രവേശം: സർക്കാരിനെ വെട്ടിലാക്കി സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാന സർക്കാരിനേയും പാർട്ടിയേയും ഒരു പോലെ പ്രതിസന്ധിയിലാക്കി ശബരിമലയില്‍ യുവതീ പ്രവേശം വേണമെന്ന നിലപാടിലുറച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ട്. പുനപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി ശരിയല്ലെന്നും ചൂണ്ടികാട്ടിയുള്ള പ്രഖ്യാപനം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത സംസ്ഥാനത്തെ ഭൂരിപക്ഷം സിപിഎം നേതാക്കളുടേതിന് ഘടകവിരുദ്ധമായാണ്. 


ശബരിമല യുവതീപ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ വിശാല ബഞ്ചിന് വിട്ടതോടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാരും പാർട്ടിയും പിന്നോട്ട് പോകുന്നുവെന്ന സൂചന ഉണ്ടായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തിയിരുന്നത്.എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന വ്യക്തമാക്കുന്നത് വിളപ്പില്‍ശാലയില്‍ കഴിഞ്ഞ മാസം അവസാനിച്ച കേന്ദ്രകമ്മിറ്റിയുടെ രാഷട്രീയ റിപ്പോര്‍ട്ട്.

യുവതീപ്രവേശത്തെ ചോദ്യം ചെയ്തുള്ള പുനപരിശോധനാ ഹര്‍ജികള്‍ കോടതി തള്ളിക്കളയണമായിരുന്നു. അതിന് പകരം സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്. ഭൂരിപക്ഷബഞ്ചിന്‍റെ ഈ തീരുമാനം 2018 സെപ്റ്റംബര്‍ 28 ലെ വിധി ഉയര്‍ത്തിപ്പിടിക്കുന്നതിന്  സഹായകമല്ല. പുനപരിശോധ ഹര്‍ജികളില് തീരുമാനമെടുക്കാത്തത് അവ്യക്തതയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു.


സുപ്രീംകോടതി വിധി ആശ്വാസകരമായി കണ്ട ദേവസ്വം ബോർഡിനേയും സർക്കാരിനേയും കേന്ദ്രകമ്മിറ്റി നിലപാട് പ്രതിസന്ധിയിലാക്കും. സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ സമർപ്പിക്കേണ്ട സത്യാവാങ്മൂലത്തെ പാർ‌ട്ടി നിലപാട് സ്വാധീനിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K