20 February, 2020 11:50:09 PM


കൊച്ചി വിമാനത്താവളത്തിൽ നിന്ന് മെട്രോയിലേയ്ക്ക് തുടർച്ചയായ യാത്രാ സൗകര്യം ഒരുക്കി 'പവൻ ദൂത്'



കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി മെട്രോയിലേയ്ക്ക് തുടർച്ചയായ യാത്രാ സൗകര്യം ഒരുക്കി പവൻ ദൂത് ബസുകൾ. വിമാനത്താവളത്തേയും കൊച്ചി മെട്രോയേയും ബന്ധിപ്പിക്കുന്ന പവൻ ദൂത് ബസ്സുകൾക്ക് പൂർണമായും വൈദ്യുതിയാണ് ഇന്ധനം.

കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പവൻ ദൂത് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യ യാത്രക്കാരന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി. രാവിലെ അഞ്ചുമണി മുതൽ വിമാനത്താവളത്തിന്റെ ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽ നിന്ന് ബസ് സർവീസ് പുറപ്പെടും. 5.40 മുതൽ ആലുവയിൽ മെട്രോ സ്‌റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേയ്ക്കും സർവീസ് ഉണ്ടാകും. രാത്രി പത്തിനാണ് അവസാന സർവീസ്.


മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസ്സിലുണ്ട്. ആദ്യ ഘട്ടമായി രണ്ട് ബസ്സുകളാണ് സർവീസ് നടത്തുക. നാൽപ്പത് മിനിട്ട് ഇടവേളകളിൽ വിമാനത്താവളത്തിൽ നിന്ന് ആലുവ മെട്രോ സ്‌റ്റേഷനിലേയ്ക്കും തിരിച്ചും തുടർച്ചയായി ബസ് സർവീസ് ഉണ്ടാകും. 50 രൂപയാണ് ഒറ്റയാത്രയ്ക്കുള്ള നിരക്ക്. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം.ഷബീർ, സജി കെ.ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർസുനിൽ ചാക്കോ, കൊച്ചി മെട്രോ ഡയറക്ടർമാരായ ഡി.കെ.സിൻഹ, കുമാർ കെ.ആർ, വാഹന കരാറുകാരായ മഹാവോയേജ് മാനേജിങ് ഡയറക്ടർ വിക്രം തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K