21 February, 2020 08:55:46 AM


700 നാള്‍: ജെസ്‌ന മരിയ ഇപ്പോഴും കാണാമറയത്തു തന്നെ; തുമ്പില്ലാതെ അന്വേഷണം

- നൗഷാദ് വെംബ്ലി




മുണ്ടക്കയം:  ജെസ്‌ന മരിയയെ കാണാതായിട്ട് ഇന്ന്  700 നാള്‍. 2018 മാര്‍ച്ച് 22ന് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കായുളള അന്വേഷണം  എഴുനൂറു നാള്‍ പിന്നിട്ടിട്ടും യാതൊരു തുമ്പും കിട്ടിയിട്ടില്ല.ജസ്‌ന എന്ന പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും കണ്ടെത്താനാവാതെ അന്വേഷണ സംഘം കുഴയുകയാണ്. രണ്ടു വര്‍ഷത്തിനിടിയല്‍ പൊലീസ്  അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും യാതൊരു തുമ്പുമില്ലാതെ കുഴയുകയാണ്.


കാഞ്ഞിരപ്പളളി  സെന്റ് ഡോമിനിക്‌സ് കോളജ് വിദ്യാര്‍ത്ഥിനിയും എരുമേലി മുക്കൂട്ടുതറ  സ്വദേശിയായ ജെയിംസിന്റെ മകളുമായ ജെസ്‌ന മരിയ ജെയ്ിംസിനെ 2018 മാര്‍ച്ചു 22ന് വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.  ജെസ്‌ന തിരിച്ചെത്തിയില്ലന്നു കാട്ടി പിതാവു പൊലീസില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേണം ആരംഭിച്ചത്.ജെസ്‌ന പോകാന്‍ സാധ്യതയുളള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.മുണ്ടക്കയം പുഞ്ചവയലിലെ ആണ്‍ സുഹൃത്തിനൊപ്പം പോയതാണന്നുളള പ്രചരണത്തെ തുടര്‍ന്നു  സഹപാഠിയായ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അന്നേ ദിവസം തന്റെ അടുത്തു വന്നിട്ടില്ല എന്ന മറുപടി പൊലീസ് ശരിയാണന്നു മനസിലാക്കിയതോടെ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്കു നീങ്ങി.


ഇതിനിടയില്‍ മുണ്ടക്കയം ടൗണില്‍ ബസ്റ്റാന്‍ഡ്കവാടത്തിലൂടെ നടന്നുപോകുന്നത് സമീപത്തെ  വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തിലൂടെ മനസ്സിലാക്കിയെങ്കിലും അതിനു യാതൊരു പ്രയോജനവുമുണ്ടായില്ല. ജെസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടി  നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി വ്യക്തമാണ്. വിവിധ സ്ഥലങ്ങളില്‍ ഇത് സംബന്ധിച്ചു അന്വേഷണം നടത്തുകയും  വിവിധ വാര്‍ത്താ ചാനലുകളില്‍  പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടും ഈ രണ്ടുപേരെ സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ ഒന്നും  ലഭിച്ചില്ല. കൂടാതെ സമീപത്ത് ചുവപ്പ് നിറത്തിലുളള  കാര്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം വെറുതെയായി.  
 

ആദ്യം ലോക്കല്‍പൊലീസ് അന്വേഷിച്ച കേസ് ക്രൈബ്രാഞ്ചിനു വിട്ടെങ്കിലും അതും പുരോഗമനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.  തിരുവല്ല ഡി.വൈ.എസ്.പി.യായിരുന്നു അന്വേഷണ ഉദ്യാഗസ്ഥന്‍ .അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ജെസ്‌നയെ കണ്ടത്താന്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി അന്വേഷണം നടത്തിയിരുന്നു. ഇതിനിടയില്‍ ബാംഗ്ലുരില്‍ ജെസ്‌നയെ കണ്ടെതായി പ്രചരണമുണ്ടായി. ആണ്‍ സുഹൃത്തിനൊപ്പം ജെസ്‌ന  ബാംഗളൂരിലെ കന്യാസ്ത്രിമഠത്തില്‍ അഭയം ചോദിച്ചതെന്നായിരുന്നു പ്രചരണം.


എന്നാല്‍ അതും വെറുതെയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ജെസ്‌നയോട് സാദൃശ്യമുളള നിരവധി പേരെ അന്വേഷണ സംഘം നേരില്‍ കണ്ടു മൊഴിയെടുത്തിരുന്നു. മുണ്ടക്കയം ചാച്ചികവല സ്വദേശിനിയായ കോളജ് വിദ്യാര്‍ത്ഥിനിയേയും സംഘം കണ്ടു മൊഴി രേഖപ്പെടുത്തി. പാറത്തോട്, ചോററി സ്വദേശിയായ യുവാവ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു ലോക്കല്‍ പൊലീസ് കണ്ണിമല ഭാഗത്ത് നടത്തിയ അന്വേഷണവും വിഫലമായി. മേഖലയില്‍ ആളൊഴിഞ്ഞ ഭാഗത്ത് ജെസ്‌നയെ കുഴിച്ചുമൂടിയിട്ടുണ്ടന്ന വിവരത്തെതുടര്‍ന്ന്  അതിന്‍റെ രേഖാ ചിത്രങ്ങള്‍ വരച്ചായിരുന്നു സംഘത്തിനു നല്‍കിയിരുന്നത്. ചെന്നെ സ്വദേശി ആള്‍ദൈവത്തിന്‍റെ വെളിപ്പെടുത്തിലാണ് പൊലീസിനെ ഈ അന്വേഷണത്തിലേക്കു നയിച്ചത്.


ഇതിനിടയില്‍ ജെസ്‌നയുടെ പിതാവ് കരാര്‍ വ്യസ്ഥയില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന ഏന്തയാറ്റിലെ വീടിന്റെ ഉളളിലെ കക്കൂസ് മുറിയില്‍ ജെസ്‌നെയെ മൂടിയിട്ടുണ്ടന്ന പ്രചരണവും പൊലിസ് തളളികളഞ്ഞില്ല. ഇതേ തുടര്‍ന്നു അവിടെ എത്തിയപൊലീസ് മണ്ണു നീക്കി നടത്തിയ പരിശോധനയും വെറുതെയായി.കേസുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേരുടെ മൊഴി ലോക്കല്‍ പൊലീസ് ശേഖരിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍തമിഴ്‌നാട്ടില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടെതാണന്നു പ്രചരിച്ചു അവിടെയും അന്വേവേഷണ സംഘം എത്തിയെങ്കിലും വെറും കയ്യോടെ മടങ്ങി. പുല്ലുപാറയിലെ  വിവിധ കൊക്കകളില്‍ സംഘം അറിച്ചുപെറുക്കി. എല്ലാം വിഫലമാവുകയായിരുന്നു.

             

തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എസ്.പി.അബ്ദുല്‍ റഷീദിനാണ് അന്വേഷണ ചുമതല. ഡിവൈ.എസ്.പി. മുഹമ്മദ് കബീര്‍ റാവുത്തറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സിവില്‍പൊലീസ് ഓഫീസര്‍മാര്‍ അടക്കം മുപ്പതംഗസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷണം നടത്തുന്നത്. സംഘം അന്വേഷണം തുടങ്ങിയിട്ടു ഒന്നര വര്‍ഷം പിന്നിടുകയാണ്. ജെസ്‌നയെകുറിച്ചുളള അന്വേഷണം ഇപ്പോഴും  കൃത്യമായി നടന്നു വരികയാണന്നും  വ്യക്തമായ ഫലം ഇതുവരെയായി ഉണ്ടായിട്ടില്ലന്നും മുഹമ്മദ് കബീര്‍ പറഞ്ഞു. കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നത് സംബന്ധിച്ചു അന്‍പത് - അന്‍പത് എന്നുമാത്രമെ പറയാനാവുവെന്നും ഡി.വൈ.എസ്.പി.പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K