22 February, 2020 10:18:14 PM


റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ബോഡി ഷെയിമിംഗിന് ഇരയായ കുഞ്ഞ് ക്വാഡൻ



മെല്‍ബണ്‍: ഉയരം കുറഞ്ഞതിന്‍റെ പേരില്‍ സുഹൃത്തുക്കളുടെ കളിയാക്കലിന് സ്ഥിരം വിധേയനാവുന്ന ക്വാഡന്‍ എന്ന ഒമ്ബതുവയസ്സുകാരന്‍ അമ്മയോട് തന്നെ കൊന്നുതരുമോ എന്നു ചോദിക്കുന്ന ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങളോടുകൂടിയ വീഡിയോ വൈറലായിരുന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നിന്നുള്ള യരാക ബെയ്ല്‍സ് എന്ന അമ്മയാണ് മകന്‍ ക്വാഡന്‍ 'എന്നെ കൊന്നുതരുമോ' എന്നു ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ കൊണ്ട് വൈറലായ ഈ ദൃശ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയം തകര്‍ക്കുന്നതായിരുന്നു.


എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് തന്നെ കളം മാറി. കരയുന്ന ക്വാഡനല്ല, ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്‍റെ കൈപിടിച്ച്‌ ഫീല്‍ഡിലേക്ക് ചിരിയോടെ എത്തിയ ക്വാഡനാണ് ഇപ്പോഴത്തെ താരം. വീഡിയോ വൈറലായതോടെ നാഷനല്‍ റഗ്ബി ലീഗിന്‍റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വാഡന് അവസരം ലഭിക്കുകയായിരുന്നു. ഗോള്‍ഡ് കോസിലെ മൈതാനത്തെത്തിയ ക്വാഡനെ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്.


ഡ്വാര്‍ഫിസം എന്ന അപൂര്‍വ ജനിതകാവസ്ഥയാണ് ക്വാഡന്‍റെ ഉയരക്കുറവിനു കാരണം. ഇപ്പോഴിതാ കുഞ്ഞു ക്വാഡനു വേണ്ടി നാനാഭാഗത്തു നിന്നുമുള്ളവരുടെ മാനസിക പിന്തുണയ്ക്കൊപ്പം സാമ്പത്തിക സഹായങ്ങളുടേയും പ്രവാഹമാണ്. യുഎസിലെ കൊമേഡിയനായ ബ്രാഡ് വില്യംസ് തുടങ്ങിയ ഫണ്ട് റെയ്സിങ് രണ്ടു കോടിയോളം രൂപയാണ് ക്വാഡനു വേണ്ടി സ്വരൂപിച്ചത്.


വീഡിയോ വൈറലായതോടെ ക്വാഡന്‍റെ അമ്മ ഒരു വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. നിറത്തിന്റേയും ശാരീരിക പ്രത്യേകതകളുടേയും പേരില്‍ വിവേചനങ്ങള്‍ വിധേയരായി നിരവധി കുട്ടികളേയാണ് അമ്മമാര്‍ക്ക് നഷ്ടമാകുന്നത്. മക്കള്‍ നഷ്ടപ്പെടുന്നതാണ് ഏത് അമ്മമാരുടേയും പേടിസ്വപ്നം, എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ദിവസവും അത്തരത്തില്‍ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. - ബെയ്ല്‍സ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K