05 March, 2020 10:03:06 AM


ഗജരത്നം ഗുരുവായൂർ പദ്മനാഭന്‍റെ ചിതാഭസ്മം പഞ്ചവടിയിൽ കടലിൽ ഒഴുക്കി

ഒരാനയുടെ മരണാനന്തര ബലിച്ചടങ്ങുകൾ ആദ്യം




ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലിൽ ഒഴുക്കി. ബലിതർപ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. ഒരു വ്യക്തിയ്ക്കായി എങ്ങനെയാണോ കർമങ്ങളും മന്ത്രജപങ്ങളും നടത്തുന്നത്‌ അതേ രീതിയിൽത്തന്നെയായിരുന്നു പദ്മനാഭന്റെ ബലികർമങ്ങളും നടത്തിയത്. 


വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു പഞ്ചവടിയിൽ പദ്മനാഭന്റെ ചിതാഭസ്മം കൊണ്ടുവന്നത്. പട്ടിൽ പൊതിഞ്ഞ് മൂന്നു കുടങ്ങളിലാക്കിയുള്ള ചിതാഭസ്മവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ശശിധരൻ, പദ്മനാഭന്റെ ചട്ടക്കാരൻ സന്തോഷ് എന്നിവർ കടലിലിറങ്ങി. ബലിതർപ്പണ ചടങ്ങുകൾക്ക് മുഖ്യകർമി ഉത്തമൻ ശാന്തി നേതൃത്വം നൽകി.


സായൂജ്യ മന്ത്രങ്ങളും ശിവമന്ത്രാക്ഷരിയും ചൊല്ലി. ആനക്കോട്ട മാനേജരും ആധ്യാത്മിക പ്രഭാഷകനുമായ ആചാര്യ ഹരിദാസ് അന്നമനട ഭാഗവതത്തിലെ 12-ാം ആധ്യായവും ലളിതാസഹസ്രനാമവും പദ്മനാഭനെ സ്മരിച്ച് തീരത്തിരുന്ന് ചൊല്ലി. ബുധനാഴ്ച അനുസ്മരണവേദിയിലെ പൊതുദർശനത്തിനുശേഷം ചിതാഭസ്മം ആനക്കോട്ടയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ ആറിനാണ് പഞ്ചവടിയിലേക്ക് കൊണ്ടുപോയത്. ചടങ്ങിനുശേഷം പദ്മനാഭന്റെ കെട്ടുതറിയിൽ തിരിച്ചെത്തി പ്രാർഥന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K