08 March, 2020 11:55:42 AM


വളയിട്ട കരങ്ങളാല്‍ വളയം നിര്‍മ്മിച്ചു ഷീബാ പെൺകരുത്ത് തെളിയിക്കുന്നു

- നൗഷാദ് വെംബ്ലി





മുണ്ടക്കയം: വളയിട്ട കരങ്ങളാല്‍ വളയം നിര്‍മ്മിച്ചു ഷീബാ ഷാജഹാന്‍ പെണ്‍ കരുത്തു തെളിയിക്കുന്നു.
മുണ്ടക്കയം വണ്ടന്‍പതാല്‍ കൂര്‍മുളം തടത്തില്‍ ഷാജഹാന്റെ ഭാര്യ ഷീബാ(42)യാണ്  ജീവിക്കാനായി  വളയം നിര്‍മ്മാണ യൂനിറ്റ് നടത്തുന്നത്.  വണ്ടന്‍പതാല്‍ അസംബനി റോഡിനു സമീപം താമസിക്കുന്ന ഷീബാ വീടിനു മുന്നിലാണ്  യൂനിറ്റ് സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നത്.

മേസ്തിരി പണിക്കാരനായ ഭര്‍ത്താവ് ഷാജഹാന്‍ ചെയ്തു വന്നിരുന്ന ജോലിയാണ് കണ്ടു പഠിച്ചു കഴിഞ്ഞ രണ്ടു വര്‍ഷമായി ഷീബാ ഏറ്റെടുത്തിരിക്കുന്നത്.  കിണര്‍, കക്കൂസ് എന്നിവക്ക് ഉപയോഗിക്കുന്ന  സിമന്റ് റിങ്ങുകള്‍ നിര്‍മ്മാണം നടത്തി ഷീബാ വനിതകള്‍ക്ക് മാതൃകയാവുകയാണ്. തൊഴിലുറപ്പു ജോലിയില്‍ മാത്രം ഒതുങ്ങുന്ന സ്ത്രികള്‍ക്കു പ്രചോദനമാണ് ഷീബാ.നിര്‍മ്മാണ ജോലിയില്‍ ഷീബാക്കു കൂട്ട് ഷീബാ തന്നെ.

രാവിലെ വീട്ടു ജോലികളുടെ ഇടവേളകളില്‍ ഷീബാ  വസ്ത്രം മാറി റിങ് നിര്‍മ്മാണ തൊഴിലാളിയാവും. സമിന്റ്, മെറ്റല്‍ വെളളം എന്നിവ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി ഷീബാ അച്ചു നിരത്തും. അച്ചില്‍ കമ്പി സെറ്റ് ചെയ്ത് മിശ്രിതം ഇട്ടു തടി കഷണം കൊണ്ട് ഇടിച്ചു നല്‍കിയാണ് വളയം നിര്‍മ്മാണം നടത്തുന്നത്. ഇതിനൊന്നും ഷീബായ്ക്ക് സഹായികളില്ല.

നിര്‍മ്മാണം പൂര്‍ത്തിയായി വില്‍പ്പന നടത്തുമ്പോള്‍ കിണര്‍ ആവശ്യത്തിനുളളവരുടെ കയ്യില്‍ റിങ് കൊടുത്തു വിടാറില്ലന്നു ഷീബാ പറയുന്നു. വലിയ അപകടം പിടിച്ച ജോലിയായതിനാല്‍ താന്‍ നേരിട്ട് സഹായികളുമായി എത്തി റിങ് സ്ഥാപിച്ചു നല്‍കുകയാണ് പതിവ്. എന്നാല്‍ കക്കൂസിനുളളതും മറ്റും ആവശ്യക്കാരനെ ഏല്‍പ്പിച്ചു നല്‍കും.
 
ഭര്‍ത്താവിന്റെ വരുമാനത്തിനൊപ്പം തന്റെ ജോലികൂടിയാവുമ്പോള്‍  കുട്ടികളുടെ പഠനം, വീട്ടു ചിലവുകൾ, ഭര്‍തൃമാതാവിന്റെ ചികില്‍സ എല്ലാത്തിനും ഗുണകരമാവുമെന്നു ഷീബാ പറയുന്നു. മുപ്പതിനായിരം രൂപ കുടുംബശ്രിയില്‍ നിന്നും വായ്പയെടുത്താണ് ഇവര്‍ യൂനിറ്റ് തുടങ്ങിയത്. പിന്നീട് ചെന്നെയില്‍ നിന്നും പുതിയ അച്ചുകള്‍ 75000 രൂപ മുടക്കില്‍ വാങ്ങി ജോലി എളുപ്പമാക്കി. ജോലി വരുമാനം മാത്രമല്ല, മനസ്സിനും സംതൃപ്തി നല്‍കുന്നുവെന്നാണ് ഷീബായുടെ ആഭിപ്രായം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K