12 March, 2020 12:50:53 PM


രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് ചാർട്ട്: കോള്‍‌ സെന്ററിലേക്ക് വിളിച്ചത് 70പേർ



പത്തനംതിട്ട: കൊറോണാ വൈറസ് ബാധിതർ സഞ്ചരിച്ച വഴികളെ സംബന്ധിച്ച റൂട്ട് ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടതായി ജില്ലാ കളക്ടർ പി ബി നൂഹ്. ഇതിൽ 15 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉളളവരായിരുന്നു. ഒരാൾ പട്ടികയിൽ ഉൾപ്പെടാത്തതും രോഗലക്ഷണം ഉള്ളയാളുമായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമേ ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ സെല്ലിൽ 138 പേരും ദുരന്തനിവാരണ സെല്ലിലുളള കോൾ സെന്ററിൽ 46 പേരും ബന്ധപ്പെട്ടു. രോഗികൾ സന്ദർശിച്ച സ്ഥാപനങ്ങൾ അടച്ചിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചെങ്ങളം സ്വദേശിയുടെ 74 സുഹൃത്തുക്കളെ ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഇവർ ബന്ധപ്പെട്ട 374 പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരും നിരീക്ഷണത്തിലാകും. പത്തനംതിട്ട സ്വദേശികൾ കോട്ടയത്തു ചെലവഴിച്ച കഞ്ഞിക്കുഴി, നാഗമ്പടം, യാത്ര ചെയ്ത ബസുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇവരുടെ സഞ്ചാര വഴികൾ ബന്ധിപ്പിച്ച് കോട്ടയം ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് തയാറാക്കുന്നുണ്ട്. അതേസമയം, പത്തനംതിട്ടയില്‍ പ്രസിദ്ധീകരിച്ച സഞ്ചാരപാതയിൽ തെറ്റുകൾ കടന്നുകൂടിയതായും പരാതിയുണ്ട്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേര് കടന്നുകൂടിയതതിലും യാത്രചെയ്ത ബസുകളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K