12 March, 2020 10:01:22 PM


കോവിഡ് 19: തൃശൂരിലും കണ്ണൂരിലുമായി സംസ്ഥാനത്ത് രണ്ടു പേർക്കു കൂടി രോഗബാധ



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്കു കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരും തൃശൂരുമാണ് ഓരോ കേസുകൾ സ്ഥിരീകരിച്ചത്. ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയുള്ളവരുടെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


തിരുവനന്തപുരം സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ സ്വദേശി എത്തിയത് ദുബായിൽ നിന്നാണ്. തൃശൂർ സ്വദേശി എത്തിയത് ഖത്തറിൽ നിന്ന്. രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജിലും തൃശ്ശൂര്‍ സ്വദേശിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4180 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവന്തപുരത്തും കോഴിക്കോടും സാമ്പിൾ പരിശോധന ആരംഭിച്ചു.


വ്യാജ വാർത്ത പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേകം ബോധവത്കരണം നടത്തും. അതിർത്തികളിലെ പരിശോധനയും റെയിൽവെ സ്റ്റേഷനുകളിൽ നിരീക്ഷണവും കർശനമാക്കും. കോവിഡ് 19 പൂർണമായി നിയന്ത്രണ വിധേയമല്ലെന്ന് മുഖ്യമന്ത്രി. വൈറസ് വ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K