18 March, 2020 09:37:04 PM


കോട്ടയം നാലുമണിക്കാറ്റില്‍ വന്‍കഞ്ചാവ് വേട്ട: വയനാട് സ്വദേശികള്‍ കസ്റ്റഡിയില്‍



കോട്ടയം: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ തിരുവഞ്ചൂര്‍ നാലുമണിക്കാറ്റില്‍ വന്‍കഞ്ചാവ് വേട്ട. 9.300 കിലോഗ്രാം കഞ്ചാവുമായി വയനാട് മാനന്തവാടി കല്യാട്ടുകുന്ന് ആനയ്ക്കല്‍ ഉസ്മാന്‍റെ മകന്‍ റഫീക് (38), വൈത്തിരി മേപ്പാടി പുതുപ്പറമ്പില്‍ സിദ്ദിഖിന്‍റെ മകന്‍ റഷീദ് (37) എന്നിവരെ മണര്‍കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് 5 മണിയ്ക്ക് ശേഷം നാലുമണിക്കാറ്റ് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്തതിലൂടെയാണ് ഇവര്‍ പിടിയിലായത്.



കോട്ടയം ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്നു കരുതുന്നു. പിടിക്കപ്പെട്ട ക‍ഞ്ചാവ് ഇവര്‍ ആന്ധ്രായില്‍ നിന്നും കൊണ്ടുവന്നതാണത്രേ. വയനാട്ടില്‍നിന്നും കാറില്‍ തിരുവഞ്ചൂര്‍ നാലുമണിക്കാറ്റില്‍ വന്നിറങ്ങിയ ഇരുവരും ചില്ലറവില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിന് കാത്തിരിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. 


ബ്രൌണ്‍ പേപ്പറില്‍ പൊതിഞ്ഞ് സീല്‍ചെയ്ത നിലയിലുള്ള കെട്ടുകളായാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളുടെ ബാഗില്‍ മൂന്നും മറ്റൊരാളുടെ ബാഗില്‍ നാലും കെട്ടുകള്‍ ഉണ്ടായിരുന്നു. മണര്‍കാട് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ രതീഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ രാജന്‍ കെ.കെ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയതത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K