16 April, 2016 08:30:09 AM


ആശങ്കകള്‍ മാറി, പകിട്ട് കുറയ്ക്കാതെ നാളെ തൃശൂര്‍ പൂരം



തൃശൂര്‍ : ആശങ്കകള്‍ ഒഴിഞ്ഞു. വെള്ളിയാഴ്ച രാത്രി നടന്ന സാമ്പിള്‍ വെടിക്കെട്ട് തൃശൂര്‍ പൂരം പകിട്ടോടെ തന്നെ നടക്കുമെന്നതിന്‍റെ അറിയിപ്പായി മാറി. ചമയപ്രദര്‍ശനത്തിന്‍റെ തിളക്കത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ഞായറാഴ്ചയാണ് തൃശൂര്‍ പൂരം.

എല്ലാ വര്‍ഷത്തെയും പോലെ പൂരം ഭംഗിയായി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്തുവാന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന യോഗം തീരുമാനിക്കുകയായിരുന്നു. പരവൂര്‍ വെടിക്കെട്ടപകടത്തെയും ആനകള്‍ ഇടഞ്ഞുണ്ടായ അപകടപരമ്പരയുടെയും വെളിച്ചത്തില്‍ വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പിനും നിയന്ത്രണം ഏര്‍പെടുത്തിയത് ഉത്സവങ്ങളുടെ മാറ്റ് കുറയ്ക്കുമെന്നതിനാല്‍  പൂരം ചടങ്ങില്‍ മാത്രം ഒതുക്കാനുള്ള നീക്കം നടന്നിരുന്നു.

പകല്‍ 10 മുതല്‍ 5 വരെ ആനയെഴുന്നള്ളിപ്പ് പാടില്ല എന്ന ഉത്തരവ് റദ്ദാക്കിയതായി മന്ത്രി അറിയിച്ചു. കൂടുതല്‍ വെടിമരുന്നുപയോഗിച്ചുള്ള ഡൈനകള്‍ ഇക്കുറി പൂരത്തിനുണ്ടാവില്ല. വര്‍ണങ്ങള്‍ വിതറുന്ന അമിട്ടുകള്‍ക്കാണ് പ്രാധാന്യം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K