25 March, 2020 06:52:41 PM


സംസ്ഥാനത്ത് കൊവിഡ് - 19 ബാധിതര്‍ 118 ആയി; 76542 പേര്‍ നിരീക്ഷണത്തില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 118 ആയി. കൊവിഡ് 19 അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയവര്‍. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ 76542 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.


ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. എട്ട്‌പേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് വഴി കിട്ടിയത്. 12 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K