26 March, 2020 07:14:13 PM


സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 138 ആയി; 1,20,003 പേര്‍ നിരീക്ഷണത്തില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9  പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകിളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.


വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്. 1,20,003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 601 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.


ഇന്ന് 136 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1342  സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 43 ഇടത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കൊറോണ പാക്കേജിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാനം പാക്കേജ് മികച്ച രീതിയില്‍ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K