27 March, 2020 07:22:15 PM


മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്ക് സഹായഹസ്തവുമായി കോട്ടയം ജനറല്‍ ആശുപത്രി

സാനിറ്റൈസറിന് പിന്നാലെ മാസ്കുകളുടെ നിര്‍മ്മാണവും ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു



കോട്ടയം: കൊറോണ പ്രതിരോധത്തിനുള്ള സാനിറ്റൈസറിനൊപ്പം മാസ്കുകളുടെ നിര്‍മാണവും കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി 120 ലിറ്റര്‍ സാനിറ്റൈസറാണ് ഇവിടെ നിര്‍മിച്ചത്. ആദ്യ ഘട്ടത്തില്‍ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും രണ്ടാം ഘട്ടത്തില്‍ കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാനിറ്റൈസര്‍ സൗജന്യമായി വിതരണം ചെയ്തു. നിര്‍മാണത്തിന് ആവശ്യമായ ഈഥൈല്‍ ആല്‍ക്കഹോള്‍ എക്സൈസ് വകുപ്പാണ് ലഭ്യമാക്കിയത്. 


ആശുപത്രിക്ക് ആവശ്യമായ മാസ്കുകളുടെ നിര്‍മാണവും ഇവിടെ ആരംഭിച്ചു.  ആദ്യ ഘട്ടത്തില്‍ 20000 ത്രീ ലെയര്‍ മാസ്കുകളാണ് നിര്‍മിക്കുന്നത്. ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റ് അജി ജോര്‍ജ്, നഴ്സിംഗ് അസിസ്റ്റന്‍റുമാരായ ബിജുമോന്‍, സി. രതി, ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് സാനിറ്റൈസറുകളും മാസ്കുകളും തയ്യാറാക്കുന്നത്. 


ജില്ലാ പഞ്ചായത്തിന്‍റെ വയോജന ആരോഗ്യ പരിരക്ഷാ പദ്ധതി പ്രകാരവും ജനറല്‍ ആശുപത്രിയില്‍ മാനസികാരോഗ്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വയോജനങ്ങള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,  ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ബന്ധപ്പെടാം. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സലര്‍ എന്നിവരുടെ സേവനം ഫോണിലൂടെ ലഭിക്കും. നമ്പര്‍- 9400268137


കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്ക് സഹായഹസ്തവുമായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിലെ കൗണ്‍സലര്‍മാറും രംഗത്ത്.  രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതുമൂലം മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നവര്‍ക്ക് 9539355724 എന്ന നമ്പരില്‍ ബന്ധപ്പെടാം. മദ്യാസക്തിയുള്ളവര്‍  നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സേവനം പ്രയോജപ്പെടുത്താം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K