27 March, 2020 08:05:16 PM


കര്‍ണാടകം മണ്ണിട്ട് അതിര്‍ത്തി അടച്ചത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മുഖ്യമന്ത്രി



തിരുവനന്തപുരം: റോഡില്‍ മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തികള്‍ അടച്ച കര്‍ണാടകത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തിയിലെ റോഡുകള്‍ അടയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങള്‍  നേരിടുന്നതിന് തടസമുണ്ടാക്കും. കുടകില്‍ കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്. കാസര്‍കോടും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. മണ്ണ് നീക്കം ചെയയ്യാമെന്ന് അവര്‍ തീരുമാനിച്ചത് നല്ലകാര്യം. എത്രയുംവേഗം മണ്ണ് നീക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലോക്ഡൌണ്‍ വിജയിപ്പിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ പൊലീസ് നടത്തിയതു കൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പൊലീസിന്‍റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യം എന്ന് അറിഞ്ഞ് പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നോണ്‍ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നതടക്കം എല്ലാ ലേലങ്ങളും കുടിശ്ശിക നോട്ടീസുകളും നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അടക്കേണ്ട ഫീസുകളുടെ കാലാവധി ദീര്‍ഘിപ്പിക്കും.


നിരാലംബരും തെരുവില്‍ കഴിയുന്നവരുമായ ആളുകള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് കോര്‍പ്പറേഷനുകളിലും 26 നഗരസഭകളിലും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 1545 പേരാണ് ഈ 31 ക്യാമ്പുകളിലായുള്ളത്. ഇവരെ ഭദ്രമായി സ്ഥലത്ത് താമസിപ്പിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ പറ്റിയതുള്‍പ്പെടെ സൗകര്യങ്ങളുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ നമുക്കുണ്ട്. 


അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്താകെ ഇതുവരെ 4603 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ ഏറ്റെടുക്കണം. ബന്ധപ്പെട്ട കലക്ടര്‍മാര്‍ വ്യക്തിപരമായ ഉത്തരവാദിത്വമായി ഇവ കാണണം. തൊഴില്‍ വകുപ്പിനും ഫലപ്രദമായി ഇതില്‍ ഇടപെടാനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഏകോപിപ്പിക്കണം.


ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലീഫ്ലെറ്റുകല്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കിവരുന്നു. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങള്‍ക്ക് നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ വഴിയും തൊഴിലുടമകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികലും സ്വീകരിച്ചുകഴിഞ്ഞു.


സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്‍മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ വിതരണം ചെയ്യുകയാണ്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്‍റെ ഭാഗമായി വന്ന മറ്റൊരു വിഷയം വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും (പശു, ആട്, പന്നി, കോഴി, താറാവ്...) തീറ്റയ്ക്കുള്ള ദൗര്‍ലഭ്യമാണ്. ഇതിനായി ചരക്കുനീക്കം സുഗമമാകേണ്ടതുണ്ട്. അതിനു വേണ്ട ഇടപെടല്‍ നടത്തും.


ബാറുകളും, ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് ചില ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു യുവാവ് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നിട്ടുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും വേണം. എക്സൈസ് വകുപ്പ് വിമുക്തിക്ക് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്‍ററുകളും കൗണ്‍സിലിങ് സെന്‍ററുകളും അതിനായി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ചില കത്തോലിക്കാ സഭകള്‍ സമ്മതിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രങ്ങള്‍ പോലുള്ളവ ഇതിന് ഉപയോഗിക്കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മറ്റ് സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വകുപ്പിനോട് പറഞ്ഞിട്ടുണ്ട്.


പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമല്ല. വിത്ത്, വളം എന്നിവ വിതരണം ചെയ്യാന്‍ കൃഷിവകുപ്പ് പ്രാദേശികമായി വളണ്ടിയര്‍മാരെ നിയോഗിക്കണം. ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടക്കും. അതിന് എല്ലാ തരത്തിലും ഇടപെടലുണ്ടാകും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പന ശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്ന എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകും. അതുകൊണ്ട് അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണം.


'സന്നദ്ധം' പോര്‍ട്ടലിലേക്ക്  യുവജനങ്ങള്‍ നല്ലതോതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രജിസ്ട്രേഷന്‍ മുടങ്ങുന്നു എന്ന പരാതി വന്നു. അടിയന്തരമായി അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച 1.15 ലക്ഷം പേരുടെ സന്നദ്ധ സേനയും കോവിഡ് പ്രതിരോധ രംഗത്ത് ഇടപെടുന്നുണ്ട്. അടിയന്തര സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നുണ്ട്.


സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഒഴിപ്പിക്കലും (രോഗപ്രതിരോധത്തിന്‍റെ ആവശ്യത്തിനല്ലാതെ) ഇപ്പോള്‍ ഉണ്ടാകരുത്. കടമുറികള്‍ ഒഴിപ്പിക്കാന്‍ പാടില്ല. സാധനങ്ങളുടെ ദൗര്‍ലഭ്യംമൂലം വിലക്കയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ക്കശമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കി. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കംകുറിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തു നിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്. ഇതിനായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.


സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.


ആരോഗ്യപ്രവര്‍ത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാരില്‍ ചിലര്‍ ഒറ്റപ്പെടുത്തുന്ന ചില പ്രവണതകള്‍ ഉണ്ടാവുന്നുണ്ട്. അത് ഒരു കാരണവശാലും അനുവദിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നമ്മുടെ പിന്തുണയിലൂടെയാണ് ലഭിക്കേണ്ടത്. സമൂഹം കൃതജ്ഞതയോടെയാണ് അത് നോക്കിക്കാണേണ്ടത്. ഊണും ഉറക്കവുമൊഴിഞ്ഞ് രാപ്പകല്‍ ഭേദമില്ലാതെയുള്ള അവരുടെ സേവനം വിലമതിക്കാനാകാത്തതാണ്. വാക്കിലോ നോക്കിലോ ഒരുതരത്തിലുള്ള അനാദരവോ അകല്‍ച്ചയോ അവരോട് കാണിക്കരുത്.


എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാര്‍ രാത്രിയില്‍ ഉള്‍പ്പെടെ സ്കൂളുകളില്‍ കഴിയേണ്ട അവസ്ഥയുണ്ട്. സ്ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. തെരുവുനായ്ക്കള്‍ ഭക്ഷണം കിട്ടാതെ അലഞ്ഞ് ഭീതിയുണ്ടാക്കുന്ന അവസ്ഥയുണ്ട്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.


തിരുവനന്തപുരത്ത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 350ഓളം അതിഥിത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ കഷ്ടപ്പെടുന്നു എന്ന് വാര്‍ത്ത വരുന്നുണ്ട്. ബീഹാറിലെ പ്രതിപക്ഷ നേതാവ് ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി.


ശാസ്താംകോട്ട, മലപ്പുറം മുന്നിയൂര്‍, തലക്കളത്തൂര്‍, പള്ളിക്കാട് തുടങ്ങി നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇല്ലാതായതോടെ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. അവ അക്രമാസക്തമാകുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ക്ഷേത്ര അധികാരികള്‍ ഇടപെടണം. പൊലീസിന് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.


ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ നവജാതശിശുക്കളുടെ വസ്ത്രത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു പോപീസ് എന്ന് വസ്ത്ര നിര്‍മ്മാണ സ്ഥാപനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സൗജന്യമായി നവജാത ശിശുക്കള്‍ക്കുള്ള ചെയ്ത വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് കെയര്‍ സെന്‍ററുകളില്‍ വാട്ടര്‍ പ്യൂരിഫെയര്‍, എയര്‍ കൂളര്‍, ടിവി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്.


ഓട്ടോ ടാക്സികള്‍ക്ക് കര്‍ശനനിയന്ത്രണം ഉണ്ട്. എന്നാല്‍ ചില അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ അവര്‍ അവര്‍ ഓടേണ്ടി വരും അത്തരം സന്ദര്‍ഭങ്ങളില്‍ നിരക്ക് അമിതമാകാന്‍ പാടില്ല. പൊലീസുകാര്‍ റോഡിലാണ് ഡ്യൂട്ടി ചെയ്യുന്നത്. നല്ല വേനലാണ്. അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ തയ്യാറാകുന്നത് നന്നായിരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K