01 April, 2020 05:51:06 PM


കോവിഡ് വ്യാപനസാധ്യത: അഞ്ച് ട്രെയിനുകളിലെ യാത്രക്കാരെ കണ്ടെത്താന്‍ ശ്രമം



ദില്ലി: ദില്ലി നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച അഞ്ച് ട്രെയിനുകളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാൻ റെയിൽവേയുടെ ശ്രമം. സമ്മേളനത്തിൽ പങ്കെടുത്ത പലരുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിലാണ് നടപടി. മാർച്ച് 13 നും 19നും ഇടയ്ക്ക് ദില്ലിയിൽ നിന്ന് പുറപ്പെട്ട ട്രെയിനുകളിലാണ് മതസമ്മേളനത്തിൽ പങ്കെടുത്തവരും മടങ്ങിയത്.


ആന്ധ്രാപ്രദേശ് ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ്, ന്യൂഡൽഹി- റാഞ്ചി രാജധാനി എക്സ്പ്രസ്, സമ്പർക്ക് ക്രാന്തി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഇവർ മടങ്ങിയത്. മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയ യാത്രക്കാരുടെ കൃത്യമായ കണക്ക് റെയിൽവേയുടെ കൈയിലില്ല. ഓരോ ട്രെയിനിലും 1000- 1200 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവരിൽ ആരൊക്കെ അപകടത്തിലാണെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല.


റെയിൽവേ യാത്രക്കാരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് നൽകുകയാണ്. ഇതിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനാണ് ശ്രമം. മാർച്ച് 13ന് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കരിംനഗറിലേക്ക് മടങ്ങിയ പത്ത് ഇന്തോനേഷ്യക്കാരുടെ പരിശോധനാഫലം പോസ്റ്റിറ്റീവാണ്. ന്യൂഡൽഹി - റാഞ്ച് രാജധാനി എക്സ്പ്രസിൽ 60 യാത്രക്കാർക്കൊപ്പം ബി1 കോച്ചിൽ യാത്ര ചെയ്ത മലേഷ്യൻ സ്ത്രീക്കും കോവിഡ് പോസിറ്റീവാണ്. മാർച്ച് 16ന് 23 പേർക്കൊപ്പം യാത്ര ചെയ്ത സ്ത്രീക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്.


മാർച്ച്18ലെ തുരന്തോ എക്സ്പ്രസിന്റെ എസ്8 കോച്ചിൽ യാത്ര ചെയ്ത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ രണ്ടുപേരുടെയും പരിശോധനാഫലം പോസിറ്റീവാണ്. മറ്റു രണ്ടുപേർ ഗ്രാന്‍റ് ട്രങ്ക് എക്സപ്രസിന്‍റെ എസ് 3 കോച്ചിൽ രണ്ട് കുട്ടികൾക്കൊപ്പം യാത്ര ചെയ്തവരാണ്. വേറൊരു ദമ്പതികൾ തമിഴ്നാട് എക്സ്പ്രസിലാണ് മടങ്ങിയത്. റെയിൽവേക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഇവരെ കണ്ടെത്തുന്നത് വലിയ കടമ്പയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപായതിനാൽ ഇവരെല്ലാവരും സ്വതന്ത്രരായി സഞ്ചരിക്കുകയായിരുന്നു. ഹസ്രത്ത് നിസാമുദ്ദീനും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K