03 April, 2020 01:22:41 AM


വാര്‍ഷിക പദ്ധതി ചെലവ്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഒന്നാമത്



പത്തനംതിട്ട: 2019-20 വാര്‍ഷിക പദ്ധതി ചെലവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ 93.84% തുക ചെലവഴിച്ച് ഒന്നാം സ്ഥാനത്ത്. 31.03.2020 വരെ ട്രഷറിയില്‍ സമര്‍പ്പിച്ച പെന്‍ഡിംഗ് ബില്ലുകള്‍ ഉള്‍പ്പടെയുള്ള കണക്കാണിത്. വികസന ഫണ്ടില്‍ ബഡ്ജറ്റ് വിഹിതമായി ആകെ ലഭ്യമായ 45,18,35,000 രൂപയില്‍ 41,31,03,853 രൂപ ചെലവഴിച്ചും (91.43%) മെയിന്റനന്‍സ് ഗ്രാന്റില്‍ ബഡ്ജറ്റ് വിഹിതമായി ആകെ ലഭ്യമായ 49,16,73,000 രൂപയില്‍ 47,22,53,480 രൂപയും ചെലവഴിച്ചാണു ജില്ലാ പഞ്ചായത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.


മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്)ല്‍ ലഭ്യമായ 43,09,53,000 രൂപയില്‍ 43,08,90,024 രൂപയും (99.99%)ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ മിക്കവാറും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കൊറോണാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണു മികച്ച നേട്ടം കൈവരിക്കാനായതെന്നത് ഈ നേട്ടത്തിനു തിളക്കം കൂട്ടുന്നു. പദ്ധതി നിര്‍വഹണം മികച്ച രീതിയില്‍ നടത്തുന്നതിനു സഹകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അഭിനന്ദിച്ചു.


ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കൈത്താങ്ങ്, സഫലം പദ്ധതികള്‍, പട്ടികജാതി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു പഠനമുറി ഉള്‍പ്പടെയുള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിക്ക് കൂലിച്ചെലവ്, ഇടവിളകൃഷി, ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്‌സിഡി തുടങ്ങിയ തുടങ്ങിയ ഒട്ടനവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K