03 April, 2020 06:26:02 PM


സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 16 പേര്‍ക്ക് കൂടി രോഗം ഭേദമായി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ കാസര്‍കോട്ടുകാരാണ്. മറ്റുള്ളവര്‍ തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 16 പേര്‍ക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസര്‍കോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേര്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരില്‍ ഉള്‍പ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


സംസ്ഥാനത്ത് ആകെ 295 കൊവിഡ് രോഗികള്‍ ഉണ്ട്. ഇതുവരെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 206 പേര്‍ വിദേശത്തു നിന്നും വന്നവരാണ്.  സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 767 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.


അതിനിടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേക്കി റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ എത്തി. 1000 കിറ്റുകള്‍ അടങ്ങിയ ആദ്യത്തെ ബാച്ചാണ് ഇന്ന് എത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ ഫണ്ടുപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ വാങ്ങിയത്. രണ്ടായിരം റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ കൂടി ഞായറാഴ്ച എത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടര മണിക്കൂറില്‍ കൊവിഡ് പരിശോധന ഫലം തരുന്ന റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ സമൂഹ വ്യാപനത്തിന് സാധ്യതയുള്ള തിരുവനന്തപുരം പോത്തന്‍കോട് മേഖലയില്‍ ആദ്യം ഉപയോഗിക്കാനാണ് സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K