04 April, 2020 06:02:37 PM


'എബ്രഹാം ലിങ്കൺ പറഞ്ഞതേ എനിക്കും പറയാനുള്ളൂ'; മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും പ്രതിഭ എംഎല്‍എ



ആലപ്പുഴ: മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള നിലപാടിൽ മാറ്റമില്ലാതെ വീണ്ടും യു.പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭയുടെ പ്രതികരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ജില്ലാ സെക്രട്ടറി നേരിട്ട് വിളിച്ച് സമൂഹമാധ്യമങ്ങളിലെ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇത് മറികടന്നാണ് പ്രതിഭയുടെ പുതിയ പോസ്റ്റ്. 


മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിഭ പറയുന്നു. 'എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം. കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം. എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട്. എനിക്കും ഇത്രയേ പറയാനുള്ളൂ...' എന്ന് കുറിച്ചുകൊണ്ടാണ് പ്രതിഭ പുതിയ പോസ്റ്റ് അവസാനിപ്പിച്ചത്. 


പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.



"പ്രിയ സുഹൃത്തുക്കളെ , ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ .തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല .എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.വ്യക്തിഹത്യ എന്റെ ശീലമല്ല.എന്നോട് അങ്ങനെ ചെയ്തവരോടും . കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും .അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല .ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു..എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി.അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ് .ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത് . മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം .. എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K