04 April, 2020 09:59:30 PM


ലോക്ക് ഡൗണിനിടെ മകനോടുള്ള അച്ഛന്‍റെ പിണക്കം അവസാനിപ്പിച്ച് തൃശൂര്‍ പോലീസ്



തൃശൂര്‍: ലോക്ക്ഡൗൺ നിലനിൽക്കുമ്പോൾ സമൂഹ വ്യാപനം തടയാൻ അക്ഷമം പ്രയത്‌നിക്കുന്ന പോലീസ് തൃശൂർ കാഞ്ഞാണിയിൽ ഒരു അച്ഛന്‍റെ പിണക്കം മാറ്റി. തൃശൂർ - കാഞ്ഞാണി സംസ്ഥാന പാതയിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുധീറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുമ്പോഴായിരുന്നു സംഭവം. ചെക്കിങ്ങിനിടെ ദേഷ്യത്തിൽ വളരെ വേഗത്തിൽ ഒരു വൃദ്ധൻ നടന്നുവരുന്നത് ശ്രദ്ധയിൽ പെട്ടു.


ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പിടിച്ച് ചെക്കിംഗ് പോയിന്‍റിൽ ഇരുത്തി. ദേഷ്യം മാറിത്തുടങ്ങിയപ്പോൾ കുശലാന്വേഷണം തുടങ്ങി. സൂത്രത്തിൽ പേരും വിലാസവും ചോദിച്ചു മനസ്സിലാക്കിയിരുന്നു. സംസാരിക്കുന്നതിൽ പന്തികേട് തോന്നിയ പോലീസുദ്യോഗസ്ഥർ അയാളുടെ പേരും വിലാസവും പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. ഈ സമയത്ത് കാണാതായ അച്ഛനെ തിരഞ്ഞുനടക്കുകയായിരുന്നു മകൻ ടോണി.


സാധാരണയായി അച്ഛൻ പോകാറുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ ഇരിക്കുമ്പോളായിരുന്നു ചെക്കിംഗ് പോയന്‍റിലിരിക്കുന്ന അച്ചന്റെ അടുത്തേക്ക് മകനെ വിളിച്ചു വരുത്തുന്നത്. തുടർന്ന് പിണക്കം മാറ്റി അച്ഛനെ മകനോടൊപ്പം പറഞ്ഞയക്കുകയായിരുന്നു പൊലീസ്. അരിമ്പൂർ ചിറക്കേക്കാരൻ വീട്ടിൽ റപ്പായിയാണ് (65) വീട്ടിൽ നിന്നും പിണങ്ങി പോലീസുദ്യോഗസ്ഥരുടെ അടുത്തെത്തിയത്. അച്ഛന് പ്രായാധിക്യവും മാനസികാരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് മകൻ ടോണി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K