20 April, 2020 11:40:52 PM


'ക്യുക്ക് ഡോക്ടർ ഹെൽത്ത് കെയർ'; അഛന്റെ പേരില്‍ മകന്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്



കൊച്ചി: ടെലിമെഡിസിൻ വിവാദത്തില്‍ പ്രതിപക്ഷം ഡാറ്റാ ചോര്‍ച്ച ആരോപണം ഉന്നയിച്ച ക്യുക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം പിതാവിന്‍റെ പേരില്‍ ഐ.ടി വിദഗ്ദനായ മകന്‍ തുടങ്ങിയതെന്ന്. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ഓട്ടോറിക്ഷാ ഡ്രൈവറും പ്രവാസിയുമായിരുന്ന സി. എ സണ്ണിയുടെ മകന്‍ സ്വന്തം നിലയില്‍ തുടങ്ങിയതാണ് സ്ഥാപനമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.  


തിരുവനന്തപുരം ടെക്നോപാർക്കിലെ ലോക പ്രശസ്തമായ ഐ.ടി കമ്പനികളിലൊന്നിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ക്യുക്ക് ഡോക്ടര്‍ ഹെൽത്ത് കെയർ എന്ന കമ്പനിയില്‍ ഇയാളുടെ കീഴില്‍ 20ലധികം ജീവനക്കാര്‍ ജോലി നോക്കുന്നുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു സ്ഥാപനത്തില്‍ ജോലി നോക്കുന്നതുകൊണ്ടാവും ഡയറക്ടര്‍ സ്ഥാനത്ത് അഛന്റെ പേര് ചേര്‍ത്തതെന്നാണ് സൂചന. അങ്കമാലി ഇളവൂരിലാണ് സണ്ണിയും കുടുംബവും താമസിക്കുന്നത്.


കോവിഡ് രോഗബാധ വ്യാപകമായതോടെ ആശുപത്രികളില്‍ പോയി ചികിത്സ തേടാന്‍ കഴിയാത്തവർക്ക് ഫോണിലൂടെ ചികിത്സ ലഭ്യമാക്കാൻ പ്രവര്‍ത്തനമാരംഭിച്ച സംവിധാനമാണ് ക്യുക്ക് ഡോക്ടര്‍ ഹെൽത്ത് കെയർ. ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ രോഗികളില്‍ നിന്നും ലഭിയ്ക്കുന്ന വിവരങ്ങള്‍ വിവാദ സ്പ്രിഗ്‌ളര്‍ കമ്പനി വഴി കുത്തക മരുന്നു കമ്പനികള്‍ക്ക് നല്‍കുന്നതായാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K