20 April, 2016 07:25:00 PM


മാരാരി'ക്കുള'ത്ത് താഴ്ന്നുപോയ വി എസ് ഇക്കുറിയും മല'മ്പുഴ'യില്‍ പൊങ്ങുമോ?മാരാരി'ക്കുള'ത്ത് താഴ്ന്നുപോയ  വി എസ് പിന്നീട് പൊങ്ങിയത് മല'മ്പുഴ'യിലാണ്. രണ്ടു തവണകൂടി വി എസ് അവിടെ പൊങ്ങി. എന്നാല്‍ ഇത്തവണ അതാവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാം എന്നുതന്നെയാണ് ഉത്തരം.
പിണറായി വിജയന്‍ ഇത്തവണ മത്സരിക്കുന്നു. പോളിറ്റ് ബ്യുറോ അംഗമാണ്. ധര്‍മ്മടത്തു നിന്ന് വിജയിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട. 

പതിനയ്യായിരം വോട്ടുകള്‍ക്ക് കഴിഞ്ഞതവണ സി പി ഐ എമ്മിലെ കെ കെ നാരായണന്‍ മമ്പറം ദിവാകരനെ തോല്‍പ്പിച്ച മണ്ഡലമാണ് ധര്‍മ്മടം. ഈ തെരഞ്ഞെടുപ്പിലും മമ്പറം ദിവാകരന്‍ മത്സരിക്കുന്നു. ഏതാണ്ട് 1977 മുതല്‍ ഇടതുപക്ഷത്തിന്റെ പക്കലുള്ള എടക്കാട് മണ്ഡലമാണ് അല്‍പ്പവ്യത്യാസത്തോടെ ഇപ്പോള്‍ ധര്‍മ്മടം  ആയിരിക്കുന്നത്. അതുകൊണ്ടാണ് പിണറായിയുടെ വിജയത്തെ ഉറപ്പിച്ചു പറഞ്ഞത്.കമ്മ്യുണിസ്റ്റ് പാര്‍ടി ഉണ്ടായ പിണറായിലാണ് ദിവാകരനും ജനിച്ചത്‌. ആറു അമ്മാവന്മാര്‍ കമ്മ്യുണിസ്റ്റ്കാരായിരുന്നിട്ടും ദിവാകരന്‍ കോണ്‍ഗ്രസ്കാരനായി മാറുകയായിരുന്നു. എന്നാല്‍ ജില്ലാനേതാവായ കെ കെ നാരായണനോട് പരാജയപ്പെട്ട ദിവാകരന്‍ കരുത്തനായ പിണറായിയെ തോല്‍പ്പിക്കുമെന്ന് അരിയാഹാരംകഴിക്കുന്ന ആരും വിശ്വസിക്കില്ലല്ലോ!

മലമ്പുഴ 1965 മുതല്‍ സി പി എമ്മിന്‍റെ പക്കലാണ്. അവിടെ 2001ലും 2006ലും 2011ലും വി എസ് വിജയിച്ചത്   ഭൂരിപക്ഷം   ക്രമാനുഗതമായി വര്‍ധിപ്പിച്ചു കൊണ്ടാണ്. അത്തരം ഒരു സാഹചര്യത്തില്‍ വി എസ്സിന്റെ പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നതു പോലും അസംബന്ധമാണ്. എന്നാല്‍ ചില അട്ടിമറികള്‍ അവിടെ നടക്കുവാന്‍ സാധ്യതയുണ്ടെന്നാണ് സ്വന്തം പാളയത്തിലെ നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രി സാധ്യതാ സ്ഥാനാര്‍ത്ഥികളായി  പിണറായിയും  വി എസ്സും രംഗത്തുണ്ട്. മുഖ്യമന്ത്രിയെ മുന്‍‌കൂര്‍ പ്രഖ്യാപിച്ചിട്ടില്ല. അതു പൊട്ടിത്തെറി ഭയന്നാണ്. കേരള രാഷ്ട്രീയത്തില്‍ കരുത്തനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ്, പിണറായി മന്ത്രിസഭയില്‍ കേവലം മന്ത്രിയോ സ്പീക്കറോ ആയിരിക്കാന്‍ ഇടയില്ല. മത്സരിക്കുന്നതു തന്നെ മുഖ്യമന്ത്രിയാകാനാണ്. അല്ലെങ്കില്‍ അനാരോഗ്യം പറഞ്ഞു മിണ്ടാതിരുന്നാല്‍ പോരേ? സത്യത്തില്‍ അത് മതിയായിരുന്നു. ഇനിയിപ്പോള്‍ പിണറായിയും വി എസ്സും വിജയിച്ചാല്‍ (മുഖ്യമന്ത്രി ആകാനല്ലെകില്‍ പിണറായിയും എന്തിനു മത്സരിക്കണം?) കേന്ദ്രത്തില്‍ നരേന്ദ്രമോദി ചെയ്തതുപോലെ - അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയേയും 'ഉപദേശക'രായി വച്ചതുപോലെ - വി എസ്സിനെ കൈകാര്യം ചെയ്യേണ്ടിവരും.

ഇപ്പോള്‍ സീറ്റു നിഷേധിച്ചാലും കുഴപ്പമാണ്. പഴയകാല അനുഭവങ്ങള്‍ മറക്കാറായിട്ടില്ല. അതിനാല്‍ ആദ്യം വിജയിക്കട്ടെ, അലമ്പുകള്‍ ഇപ്പോള്‍ വേണ്ട എന്നാണു തീരുമാനം. വഴക്കുണ്ടാകുന്നത് ഇപ്പോഴായാല്‍ ദോഷം ചെയ്യും. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അല്പം സമാധാനമെങ്കിലുമുണ്ട്. കൂടിവന്നാല്‍ കെ ആര്‍ ഗൌരിയെ തഴഞ്ഞതുപോലെ തഴയുകയും ചെയ്യാം. എന്നാല്‍ സി പി ഐ എം അത്തരത്തില്‍ ഒരു പ്രശ്നം വിളിച്ചു വരുത്തുമെന്ന് കരുതുക വയ്യ.

അവിടെയാണ് അട്ടിമറിയുടെ പ്രസക്തി. എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ പോംവഴി. വിഎസ്സിന്റെ ജനകീയത കൂടി ഉപയോഗിച്ചുകൊണ്ട് പരമാവധി വിജയം കൊയ്യുക; അതോടൊപ്പം വി എസ്സിനെ തോല്‍പ്പിക്കുക!

ബി ജെ പി സ്ഥാനാര്‍ഥിക്കു കിട്ടുന്ന ബി ഡി ജെ എസ് സഖ്യകക്ഷിയുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ബി ഡി ജെ എസ് വോട്ടുകള്‍ കഴിഞ്ഞ കാലങ്ങളില്‍ വി എസ്സിന് കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ പ്രതീക്ഷയുള്ള ഈ പുതിയ പാര്‍ട്ടിയുടെ വോട്ടുകള്‍ ബി ജെ പ്പിക്കു ഗുണം ചെയ്യും. കാര്യങ്ങള്‍ അവിടെ തീരുന്നില്ല. 1980 മുതല്‍ ഇടതുപക്ഷത്തിന് മേല്‍ക്കയ്യുള്ള മാരാരിക്കുളത്ത് വിഎസ്സിനെ തോല്‍പ്പിക്കാമെങ്കില്‍ മലമ്പുഴയിലും അത് സാധ്യമാണ്. വി എസ് ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ബി ഡി ജെ എസ്സിനെ പഴിചാരി രക്ഷപ്പെടുകയും ചെയ്യാം.

'വി എസ് പാര്‍ട്ടി വിരുദ്ധനാണ്' എന്ന പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്  പത്രസമ്മേളനത്തില്‍ വ്യക്തമായി പിണറായി പറഞ്ഞത് വെറുതെയല്ല. അതൊരു സന്ദേശമാണ്. പാര്‍ട്ടി വിരുദ്ധന്‍ വിജയിക്കരുത്, പാര്‍ട്ടി വിരുദ്ധനെ മുഖ്യമന്ത്രി ആക്കരുത്/ആക്കില്ല എന്ന് തന്നെയാണ്  ആ സന്ദേശത്തിന്റെ പൊരുള്‍.


Share this News Now:
  • Google+
Like(s): 465