03 May, 2020 06:58:43 PM


ഗ്രീന്‍ സോണായ എറണാകുളത്ത് 2 ഹോട്ട്സ്പോട്ടുകള്‍; കേരളത്തില്‍ ആകെ 84 ഹോട്ട്സ്പോട്ടുകള്‍



തിരുവനന്തപുരം: കൊറോണ വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. ഇതിലൊന്ന് ഗ്രീന്‍ സോണായ എറണാകുളം ജില്ലയിലാണ്. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.


കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്ടാക്ടുകള്‍ എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായതിനാലാണ് ഇവ ഹോട്ട്സ്പോട്ടുകളായത്. ഇതോടെ ഗ്രീന്‍ സോണിലുള്ള എറണാകുളം ജില്ലയുടെ സോണ്‍ സ്റ്റാറ്റസില്‍ മാറ്റമുണ്ടായേക്കും. വയനാട് മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട് സ്പോട്ടുണ്ടായത്.
ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിന്‍റെ പുതിയ ഇളവുകള്‍ നിലവില്‍ വരാനിരിക്കെയാണ് പുതിയ ഹോട്ട്‌സ്പോട്ടുകളുടെ പ്രഖ്യാപനം. അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല.  ഇത് രണ്ടാം തവണയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമുണ്ടാവുന്നത്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.


സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K