06 May, 2020 06:07:21 PM


ലോക്ഡൗണിന്‍റെ മറവില്‍ സാമഗ്രികളുടെ വിലവര്‍ദ്ധനവ്: നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്

- സ്വന്തം ലേഖിക



കോട്ടയം: ലോക്ഡൗണിന്‍റെ മറവില്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ക്ക് അനിയന്ത്രിതമായ തോതില്‍ വിലവര്‍ദ്ധനവ്. ലോക്ഡൗണിലുണ്ടായ നഷ്ടവും ഇടയ്ക്ക് ഇന്ധനവിലയില്‍ ഉണ്ടായ വ്യതിയാനവും മുന്‍നിര്‍ത്തിയാണ് ഈ നീക്കം. കെട്ടിടനിര്‍മ്മാണസാമഗ്രികള്‍ വിലകൂട്ടി വിറ്റാല്‍ കര്‍ശനനടപടിയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതിന് പുല്ലുവിലയാണ് വ്യാപാരികളും കമ്പനികളും കല്‍പ്പിക്കുന്നത്. 


ലോക് ഡൗണിനു ശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ക്വാറികള്‍ പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതിന്‍റെ മറവില്‍ നിലവില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന എംസാന്‍ഡ്, പിസാന്‍ഡ്, മെറ്റില്‍ എന്നിവയ്ക്ക് വന്‍വിലവര്‍ദ്ധനവാണ് ഉണ്ടായത്. രണ്ട് മാസം മുന്‍പ് യാര്‍ഡുകളില്‍ ശേഖരിച്ചിരുന്ന മെറ്റീരിയല്‍സിന് നിരക്കില്‍ അടിക്ക് 10 മുതല്‍ 20 വരെ രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.


സിമന്‍റിനും 25 മുതല്‍ 75 രൂപയുടെ വരെ വര്‍ദ്ധനവുണ്ടായി. ഒന്നരമാസം മുമ്പാണ് സിമന്‍റിന് ഈ വര്‍ദ്ധനവ് ഉണ്ടായത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വീണ്ടും വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇതോടെ എംസാന്‍ഡും മെറ്റല്‍പൊടിയും സിമന്‍റും പ്രധാന ഘടകങ്ങളായ സിമന്‍റ് ഇഷ്ടികയ്ക്കും ഹോളോ ബ്രിക്‌സിനും വില കൂട്ടാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. 


സ്റ്റീല്‍ കമ്പികള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്പനികളില്‍ നിന്നും വരുവാന്‍ ഇനിയും വൈകും. നിലവില്‍ കിലോയ്ക്ക് 10 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുള്ളതായി കെട്ടിടനിര്‍മ്മാതാക്കള്‍ പറയുന്നു. കെട്ടിടനിര്‍മ്മാണത്തിലെ പ്രധാന സാമഗ്രികളായ സിമന്‍റ്, മണല്‍, കമ്പി ഇവയുടെ വില ഒരുപോലെ വര്‍ദ്ധിക്കുന്നതോടെ നിര്‍മ്മാണമേഖല തകരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 


മഴ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വീടുകളുടെയും കെട്ടിടങ്ങളുടെയും പണികള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്. നിര്‍മ്മാണവസ്തുക്കളുടെ വില വര്‍ദ്ധനവ് മുടങ്ങികിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസമാവുമെന്ന് സ്വകാര്യമേഖലയിലെ കെട്ടിടനിര്‍മ്മാണമേഖലയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ലെന്‍സ്‌ഫെഡ് കോട്ടയം ജില്ലാ ഭാരവാഹികളായ ബി.വിജയകുമാര്‍, കെ.എന്‍. പ്രദീപ്കുമാര്‍ എന്നിവര്‍ ചൂണ്ടികാട്ടുന്നു.


ഇതിനിടെയാണ് ഇതരസംസ്ഥാനതൊഴിലാളികളില്‍ നല്ലൊരു ശതമാനവും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. കേരളത്തിലെ നിര്‍മ്മാണമേഖലയുടെ അവിഭാജ്യഘടകമായിരുന്ന ഈ തൊഴിലാളികളുടെ അഭാവവും ലോക്ഡൌണിനുശേഷം തുടങ്ങിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയായിരിക്കില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K