07 May, 2020 08:27:09 PM


യുഎഇയിൽ നിന്ന് 2 വിമാനങ്ങളും പുറപ്പെട്ടു; ആദ്യവിമാനം രാത്രി 10.20ന് നെടുമ്പാശ്ശേരിയില്‍



അബുദാബി: പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്കും ദുബായിൽ നിന്നു കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ്‌ 177 പേരുമായി എയര്‍ ഇന്ത്യ വിമാനം അബുദാബിയില്‍നിന്നും യാത്ര പുറപ്പെട്ടത്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല. 


രാത്രി 9.40ന് നെടുമ്പാശ്ശേരിയില്‍ വിമാനം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 10.20നാണ് എത്തുക എന്നാണ് പുതിയ അറിയിപ്പ്. വിമാനമിറങ്ങുന്ന പ്രവാസികള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിലെ ക്വറന്‍റീൻ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി ബസിലാണ് അയയ്ക്കുക. യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശ്ശൂര്‍ സ്വദേശികളാണ്.

ദുബായില്‍നിന്ന് കരിപ്പൂരിലേയ്ക്കുള്ള വിമാനം10.40ന് എത്തിച്ചേരും. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K