09 May, 2020 10:15:32 AM


തമിഴ്‍നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി; ജനങ്ങള്‍ ആശങ്കയില്‍



കോട്ടയം: കോവിഡ് വ്യാപനത്തിനിടെ തമിഴ്‍നാട്ടിലെ തീവ്രബാധിത മേഖലയായ നിന്ന് തിരുവള്ളൂരില്‍ നിന്ന് കേരളത്തില്‍ തിരികയെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കാതെ മുങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാർഥികളാണ് വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിച്ചത്. ഇവരില്‍ 34 വിദ്യാര്‍ത്ഥികളാണ് കോട്ടയത്തേക്ക് തിരികെ പോന്നതെങ്കിലും നാലുപേര്‍ മാത്രമാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. ബാക്കിയുള്ള 30 പേരെ കണ്ടെത്താൻ ജില്ലാഭരണകൂടവും പൊലീസും അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ മുങ്ങിയതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് കോട്ടയവും സമീപജില്ലകളും.


കോട്ടയത്ത് നാല് പേരെ പാമ്പാടിയിലെ നിരീക്ഷണകേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സർക്കാർ ക്വാറന്‍റീൻ നിർദേശിച്ചാണു 117 പേരെയും വാളയാർ ചെക്പോസ്റ്റില്‍ നിന്ന് ജില്ലകളിലേക്കു വിട്ടത്. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ കോവിഡ് രേഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദ്യര്‍ത്ഥികളുടെ തിരോധാനം ജനങ്ങളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്. ആകെ 270 രോഗികളാണ് തിരുവള്ളൂരിലുള്ളത്. ഇന്നലെ മാത്രം 75 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.


വിദ്യാര്‍ത്ഥികള്‍ മുങ്ങിയതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുടെ ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിക്കപ്പെടുന്നതില്‍ വീഴ്ചയുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ക്വാറന്‍റയിനില്‍ പ്രവേശിക്കാതെ മുങ്ങിയ  വിദ്യാര്‍ത്ഥികള്‍ എങ്ങോട്ടാണ് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ കേരളജനത പ്രത്യേകിച്ച് കോട്ടയം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നുപോന്ന വിദ്യാര്‍ത്ഥികള്‍ അവരവരുടെ ജില്ലകളില്‍ എത്തിയിട്ടുണ്ടോ അതോ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോയോ എന്നതും അധികൃതരെ കുഴയ്ക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K