09 May, 2020 03:04:26 PM


മടങ്ങിയെത്തുന്ന പ്രവാസികളെ സംസ്ഥാനം കൈവിടില്ല: വരുന്നു, സമഗ്ര പുനരധിവാസം



തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജിനൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഏകോപനച്ചുമതല. വ്യവസായം, വാണിജ്യം, ധനകാര്യം, ആരോഗ്യം, പരമ്പരാഗത തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, ഐ.ടി മേഖലകളെ സമന്വയിപ്പിച്ച്‌ വിപുലമായ പാക്കേജാണ് തയ്യാറാക്കുക. ബാങ്കിംഗ്, ധനകാര്യ മേഖലയുടെ പിന്തുണയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും തേടും.


മടങ്ങിയെത്തുന്നവരില്‍ മാനേജ്മെന്റ്, ഐ.ടി, ആരോഗ്യ രംഗങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരും വൈദഗ്ദ്ധ്യം തെളിയിച്ചവരും ഒട്ടേറെയുണ്ടാവും. സ്കില്‍ഡ് തൊഴിലാളികളും വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നുണ്ട്. ഇവരെ പരമാവധി പ്രയോജനപ്പെടുത്തും. നിലവില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നവരെ കൂടാതെ, പൊതുഗതാഗത സംവിധാനങ്ങള്‍ തുറക്കുമ്പോഴും ആയിരങ്ങള്‍ നാട്ടില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. നോര്‍ക്കയുടെ സൈറ്റില്‍ മടങ്ങിവരാന്‍ ആഗ്രഹിച്ച്‌ 4.60 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 66000 പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. 1990ലെ കുവൈറ്റ് യുദ്ധകാലത്തും 2014ല്‍ നിതാഖത്ത് നിയമം വന്നപ്പോഴുമാണ് ഇതിനുമുമ്പ് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K