11 May, 2020 09:27:22 PM


കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുമതി



കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കേണ്ടതും ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രം കട തുറക്കേണ്ടതുമാണ്.


കടകകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം അനുവദിക്കേണ്ടത്. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും 'ബ്രെയ്ക് ദ ചെയിന്‍' പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികള്‍ ഒരുക്കണം. കടകളിലെ സി.സി.ടി.വി. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യുന്നതിനായി ഇവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. നിബന്ധനകള്‍ ലംഘിക്കപ്പെടുന്നതായി കാണുന്നപക്ഷം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതും കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് കലക്ടര്‍ അറിയിച്ചു.


എസ്.എം സ്ട്രീറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. പ്രവേശനകവാടത്തില്‍ ഇക്കാര്യം പോലീസ് പരിശോധിക്കുന്നതും ബില്ലുകള്‍ ഹാജരാക്കത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്. നഗരത്തില്‍ ഏറ്റവും ജനത്തിരക്കുള്ള എസ്.എം സ്ട്രീറ്റില്‍ അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കച്ചവടക്കാരും വ്യാപാരിസംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ. പ്രദീപ് കൂമാര്‍, എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, പാറക്കല്‍ അബ്ദുല്ല, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കടകള്‍ തുറക്കാന്‍ ഉപാധികളോടെ അനുമതി നല്‍കിയത്.


യോഗത്തില്‍ ജില്ലാപോലീസ് മേധാവി എ.വി ജോര്‍ജ്, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടത്തിലായാലും തുറന്നുപ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ ഇവിടെ ഉപഭോക്താക്കള്‍ക്ക് മെഡിക്കല്‍ സ്‌ക്രീനിംഗ് സംവിധാനം ഒരുക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K