12 May, 2020 06:29:25 PM


കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികള്‍; പലയിടത്തും നിര്‍ദ്ദേശം കാറ്റില്‍ പറക്കുന്നു



കോട്ടയം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനുള്ള ഹോം ക്വാറന്‍റയിന്‍ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നത് വാര്‍ഡ്തല നീരീക്ഷണ സമിതികളുടെ പിന്‍ബലത്തില്‍. എന്നാല്‍ നിരീക്ഷണസമിതികള്‍ രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇനിയും പ്രാവര്‍ത്തികമാക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഏറെയാണ് സംസ്ഥാനത്ത്. വിദേശത്തുനിന്നും രാജ്യത്തിനകത്ത് മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമെത്തുന്നര്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിനുള്ള സൗകര്യം വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതുമുതല്‍ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കുന്നതുവരെ നീളുന്ന സേവനമാണ് ഇത്തരം സമിതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


തദ്ദേശസ്ഥാപനതലത്തിലും വാര്‍ഡ് തലങ്ങളിലും നിരീക്ഷണസമിതികള്‍ രൂപീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരും  പ്രവാസികളും മടങ്ങി എത്തിതുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായിട്ടും വാര്‍ഡ് തല സമിതികള്‍ മിക്ക സ്ഥലങ്ങളിലും പ്രാവര്‍ത്തികമായിട്ടില്ല. വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ആശാ വര്‍ക്കര്‍, അങ്കണവാടി അധ്യാപിക, ജനമൈത്രി പോലീസ് പ്രതിനിധി, കുടുംബശ്രീ പ്രവര്‍ത്തക, റസിഡന്‍റ്സ് അസോസിയേഷന്‍റെ രണ്ട് പ്രതിനിധികള്‍, പ്രദേശത്തെ സാമൂഹ്യസേവന സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നിവരാണ് അംഗങ്ങളായിരിക്കേണ്ടത്. 


സമിതികള്‍ രൂപീകരിക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനം സജീവമായി കഴിഞ്ഞു. കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ താമസിക്കുന്നവരെയും ബോധവത്കരിക്കുക, ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും  അവശ്യ സേവനങ്ങളും ലഭ്യമാക്കുക, എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില വിലയിരുത്തി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരം നല്‍കുക തുടങ്ങി സുപ്രധാന ചുമതലകളാണ് സമിതി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 


ആര്‍ക്കെങ്കിലും  വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയാന്‍ മതിയായ സൗകര്യമില്ലെന്ന് സമിതിക്ക് ബോധ്യപ്പെട്ടാല്‍ നിരീക്ഷണ കേന്ദ്രത്തില്‍ സൗകര്യമൊരുക്കുന്നതിന്  തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കാം. ക്വാറന്‍റയിനില്‍ കഴിയുന്നവരെയോ കുടുംബാംഗങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നിയമ നടപടി ശുപാര്‍ശ ചെയ്യാനും കഴിയും. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്കും ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു തുടങ്ങിയതോടെ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.


രാവിലെ മുതല്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇവര്‍ വിവരശേഖരണം നടത്തുന്നത്. ക്വാറന്‍റയിനില്‍ കഴിയുന്നവരും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ  മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനൊപ്പം സംശയങ്ങള്‍ ദൂരികരിക്കുകയും ചെയ്യുന്നു. എന്നാല്‍ സമിതികളുടെ രൂപീകരണം വൈകുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും  താളം തെറ്റുന്നതിനും ഇടയാകുന്നുണ്ട്. ചില സ്ഥലങ്ങളില്‍ കോവിഡിന്‍റെ മറവില്‍ വാര്‍ഡു മെമ്പര്‍ എളുപ്പവഴിയില്‍ ക്രീയ ചെയ്യുന്നതായും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാര്‍ഡ് അംഗങ്ങള്‍ക്ക് താല്‍പര്യമുള്ള ഏതാനും പേരെ ഫോണില്‍ വിളിച്ച് പേരെഴുതി പേപ്പര്‍സംഘടനയായി സമിതിരൂപീകരണം നടക്കുന്നതായാണ് പ്രധാന ആരോപണം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K