13 May, 2020 05:39:16 PM


'സ്വദേശി' പ്രഖ്യാപനം; മിലിട്ടറി കാന്‍റീനുകളില്‍ ജൂണ്‍ മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രം



ദില്ലി: പ്രധാനമന്ത്രി സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ (സിഎപിഎഫ്) എല്ലാ കാന്റീനുകളിലും സ്റ്റോറുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂവെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ പത്തുലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സിഎപിഎഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്.


പ്രദേശിക ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുക്കൊണ്ടുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്. രാജ്യത്ത് നിര്‍മിച്ച ഉത്പന്നങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അമിത് ഷായും അഭ്യര്‍ത്ഥിച്ചു. 

സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് തുടങ്ങിയ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്‍റെ കാന്റീനുകള്‍ വഴി പ്രതിവര്‍ഷം 2800 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഭാവിയില്‍ ആഗോളതലത്തില്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റാനുള്ള നടപടിയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.


എല്ലാവരും നമ്മുടെ നാട്ടില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും  അമിത് ഷാ ആവർത്തിച്ചു. കൊറോണ മഹാമാരിയുടെ പ്രതിസന്ധി ഘട്ടം അവസരമാക്കി നാം മാറ്റിയെടുക്കണം. സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ ചെയ്താല്‍ അഞ്ചു വര്‍ഷത്തിനകം രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തിപകരാന്‍ ജനങ്ങള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശീലമാക്കണം. അമിത് ഷാ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K