16 May, 2020 05:39:26 PM


സംസ്ഥാനത്ത് ഹൈക്കോടതി ഉൾപ്പെടെ കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച പുനരാരംഭിക്കും



കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോടതി മുറിക്കുള്ളിൽ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയാണ് പ്രവർത്തനം. കോടതികളുടെ പ്രവർത്തനം സംബന്ധിച്ച കർശന മാർഗനിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.


ഹൈക്കോടതിയിലെ കോടതി മുറിക്കുള്ളിൽ സർക്കാർ അഭിഭാഷകർക്ക് പുറമെ ആറു അഭിഭാഷകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എട്ട് കോടതികൾ വീഡിയോ കോൺഫറൻസിംഗ് വഴി കേസുകൾ പരിഗണിക്കും.

ഹൈക്കോടതിയിലേക്കുള്ള പ്രവേശനം മൂന്നു ഗേറ്റുകളിൽ കൂടി മാത്രമായിരിക്കും. പൊതു ജനങ്ങൾ കോടതിയിൽ എത്തുന്നതിനും നിയന്ത്രണമുണ്ട്.


കേസുകൾ പരിഗണിക്കുന്ന സമയത്തല്ലാതെ അഭിഭാഷകർ കോടതിയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുതതായി ഫയൽ ചെയ്യുന്ന കേസുകൾ വീഡിയോ കോൺഫെറെൻസിംഗ് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാർ ഇറക്കിയ സർക്കുലറിൽ പറയുന്നത്.


കീഴ്‌ക്കോടതികളുടെ പ്രവർത്തനം സംബന്ധിച്ചും ഹൈക്കോടതി മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചായിരിക്കും കീഴ്കോടതികളുടെയും പ്രവർത്തനം. ജഡ്ജി ഉൾപ്പെടെ 10 പേർ മാത്രമേ കോടതിയിൽ ഉണ്ടാകാവൂ.  കേസുമായി ബന്ധപ്പെട്ടവർക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളിൽ പ്രവേശനം. കോടതി മുറിക്ക് പുറത്തും ആളുകൾ കൂട്ടം കൂടാൻ അനുവദിക്കരുത്. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ വ്യക്തികൾ നേരിട്ട് ഹാജരാകാൻ നിർദേശിക്കരുത്.


അഞ്ചു വർഷത്തിലധികം പഴക്കമുള്ള കേസുകൾക്ക് കോടതികൾ മുൻഗണന നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.ലോക്ക് ഡൗൺ മൂലം ആർക്കെങ്കിലും കോടതിയിൽ എത്താൻ കഴിയാതെ പോയാൽ അവർക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതിയുടെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ റെഡ് സോണിലും ഹോട് സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K