17 May, 2020 04:56:02 PM


മന്ത്രി എ സി മൊയ്തീനെ ക്വാറന്‍റീനിലാക്കണം; പരാതിയുമായി അനിൽ അക്കര



തൃശൂർ : മന്ത്രി എ സി മൊയ്തീൻ ക്വാറന്‍റീനിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. പ്രവാസികളുമായി സമ്പർക്കത്തിലായ 64 വയസുകാരനായ മന്ത്രി ഹൈ റിസ്ക് കാറ്റഗറിയിലാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എം എൽ എ വീണ്ടും തൃശ്ശൂർ ജില്ല കലക്ടർക്ക് പരാതി നൽകി. എം എൽ എയുടെ പരാതിയിൽ യോഗം ചേർന്ന് തീരുമാനമെടുക്കാൻ ജില്ലാ കലക്ടർ മെഡിക്കൽ ബോർഡിനോട് നിർദേശിച്ചു.


മന്ത്രി എ സി മൊയ്തീന് ക്വാറൻറീൻ വേണ്ട എന്ന് മെഡിക്കൽ ബോർഡ് ഇന്നലെ തീരുമാനിച്ചിരുന്നു. ക്വാറന്‍റീനിലായ അനിൽ അക്കര എംഎൽ എയുമായി കലക്ട്രേറ്റിൽ ഒരു യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് ആണ് മന്ത്രി പങ്കെടുത്തതെന്നും സെക്കണ്ടറി കാറ്റഗറിയിലാണ് മന്ത്രി ഉൾപ്പെടുന്നത് എന്നതിനാലുമാണ് മന്ത്രിയെ ക്വാറന്‍റീൻ ചെയ്യുന്നതിൽ മെഡിക്കൽ ബോർഡ് ഇളവ് നൽകിയത്.


എന്നാൽ പ്രവാസികളുമായി നേരിട്ട് സമ്പർക്കത്തിലായ എ സി മൊയ്തീൻ പ്രാഥമിക പട്ടികയിൽ ആണെന്നും 64 കാരനായതിനാൽ ഹൈ റിസ്ക് കാറ്റഗറി യാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ പരാതി. അബുദാബിയിൽ നിന്നെത്തിയ ആദ്യ പ്രവാസി സംഘത്തെ മന്ത്രി ഗുരുവായൂരിൽ സ്വീകരിച്ചിരുന്നു. ഇതിൽ അഞ്ചു പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും എ സി മൊയ്തീനെ ക്വാറന്‍റീൻ ചെയ്യാത്തതിന് എതിരെയാണ് അനിൽ അക്കര എംഎൽഎയുടെ പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K