26 May, 2020 04:30:16 PM


കോട്ടയത്തുനിന്ന് ഇന്ന് 1464 മറുനാടന്‍ തൊഴിലാളികള്‍ ബംഗാളിലേക്ക് മടങ്ങി



കോട്ടയം: ജില്ലയില്‍നിന്നുള്ള 1464 മറുനാടന്‍ തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്ന് പശ്ചിമ ബംഗാളിലെ മാള്‍ഡയിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകുന്നേരം 6.45നാണ് പുറപ്പെട്ടത്. മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയനുസരിച്ച്  തൊഴിലാളികളെ വിവിധ താലൂക്കുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 


കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍നിന്നുള്ള അങ്കുല്‍ ബര്‍മന്‍ (21) എന്ന തൊഴിലാളിയെ ഈരാറ്റുപേട്ടയില്‍നിന്നും ആംബുലന്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചശേഷം ട്രെയിനില്‍ കിടത്തിയാണ് യാത്രയാക്കിയത്. ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി പി. അലക്സാണ്ടര്‍, ജിയോ ടി. മനോജ്, തഹസില്‍ദാര്‍മാരായ പി.ജി. രാജേന്ദ്രബാബു, ഫിലിപ്പ് ചെറിയന്‍, ഷൈജു പി. ജേക്കബ്, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍  ബാബു തോമസ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 


മെയ് 27ന് രാത്രി 9.15ന് എറണാകുളത്തുനിന്നും അഗര്‍ത്തലയിലേക്ക് പോകുന്ന ട്രെയിനില്‍ കോട്ടയം ജില്ലയില്‍നിന്ന് 52 തൊഴിലാളികള്‍ മടങ്ങും. തൃപുര സ്വദേശികളായ 26 പേരും അരുണാചല്‍ പ്രദേശില്‍നിന്നുള്ള 24 പേരും മേഘാലയക്കാരായ രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ എറണാകുളത്തെത്തിക്കും. മെയ് 28ന് ഝാര്‍ഖണ്ഡിലേക്കും 29ന് പശ്ചിമ ബംഗാളിലേക്കും കോട്ടയത്തുനിന്ന് തൊഴിലാളികള്‍ക്കായി ട്രെയിനുകളുണ്ട്.


ആറു കേന്ദ്രങ്ങളില്‍ സാമ്പിള്‍ ശേഖരണം  രാത്രി എട്ടു വരെ


കോട്ടയം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ കോവിഡ്-19 പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണത്തിന് ഇനി മുതല്‍ എല്ലാ ദിവസവും വൈകുന്നേരം എട്ടു വരെ സൗകര്യമുണ്ടാകും. ഇതുവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് വൈകുന്നേരം വരെ സാമ്പിള്‍ ശേഖരിച്ചിരുന്നത്. പരിശോധന വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലും സമയം ദീര്‍ഘിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സാമ്പിള്‍ ശേഖരണം അവിടെത്തന്നെയാണ് നടത്തുന്നത്. ഇതിനു പുറമെ ജില്ലയില്‍ ശ്രവശേഖരണത്തിനായി ഒരു മൊബൈല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.


ദൗത്യം പദ്ധതി; മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി


പകർച്ച വ്യാധികൾക്കെതിരെ   ഹോമിയോപ്പതി വകുപ്പും  കോട്ടയം ജില്ലാ പഞ്ചായത്തും ചേർന്ന്  നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി  ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്‍ക്കും  ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഡെങ്കിപ്പനി, എലിപ്പനി എന്നിവ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പഞ്ചായത്തുകളിലാണ്  ആദ്യ ഘട്ടത്തിൽ  നടപ്പാക്കുക. 


ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു  മുതൽ ഉച്ചക്ക് രണ്ടു  വരെ പഞ്ചായത്ത് തല ഹോമിയോ ഡിസ്പെൻസറികൾ കേന്ദ്രീകരിച്ചാണ്  പ്രവർത്തനം.  10 വയസിൽ താഴെയുളള കുട്ടികൾക്കും  60 ന്  മുകളിൽ  പ്രായമുളളവർക്കും മുന്‍ഗണനയുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.  വാഹനത്തിൻ്റെ ആദ്യ പര്യടനം അദ്ദേഹം  ഫ്ലാഗ് ഓഫ് ചെയ്തു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലേക്കാണ് വാഹനം അയച്ചത്. 


ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡി.എം.ഒ ഡോ.വി.കെ.പ്രിയദർശിനി പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K