27 May, 2020 05:54:29 PM


ബെവ് ക്യു ആപ്പ് ഇന്ന് വൈകുന്നേരം മുതൽ; ഉപയോഗക്രമം ഇങ്ങനെ



തിരുവനന്തപുരം: ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും. ആപ് എങ്ങനെ ഇന്‍സ്‌റ്റാള്‍ ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാം.


ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക. പ്ലേ സ്റ്റോറില്‍ BevQ എന്ന് സെര്‍ച്ച് ചെയ്താല്‍ ലിങ്ക് കിട്ടും. 

ഉപയോക്താവിന് അവരുടെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്‍കി ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ചെക്ക് ബോക്‌സ് തെരഞ്ഞെടുത്ത് ഉപയോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ (മലയാളം അല്ലെങ്കില്‍ ഇംഗ്ലീഷ്) തെരഞ്ഞെടുക്കാനാവും.


ആപ്പില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കും. സ്ഥിരീകരണ കോഡ് ലഭിച്ചില്ലെങ്കിൽ അതു വീണ്ടും അയയ്ക്കുന്നതിന് ഉപയോക്താവിന് 'ഒടിപി വീണ്ടും അയയ്ക്കുക' എന്ന സൗകര്യം ഉപയോഗിക്കാം. വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്‌ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കില്‍ ബീയര്‍, വൈന്‍ ഏതാണോ വേണ്ടത് തെരഞ്ഞെടുക്കാം.


ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്‌ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ക്യുആര്‍ കോഡ് ലഭിക്കും. ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ടോക്കണ്‍ ലഭ്യമല്ലെന്ന് സന്ദേശം ലഭിക്കും. ബുക്കിങ് സ്ഥിരീകരിച്ച് ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K