27 May, 2020 08:51:28 PM


ഇതുവരെ പത്തു ലക്ഷത്തോളം എസ്.എം.എസ്: മദ്യം കിട്ടാന്‍ വീണ്ടും ബുക്ക് ചെയ്യണം



തിരുവനന്തപുരം: മദ്യ വിതരണത്തിന് ടോക്കൺ ലഭിക്കാനായി മൊബൈൽ കമ്പനികൾക്ക് ലഭിച്ചത് പത്തു ലക്ഷത്തോളെ എസ്.എം.എസ് സന്ദേശങ്ങൾ. എന്നാൽ ആപ്പ് പ്ലേ സ്റ്റേറിൽ ഇല്ലാത്തതിനാൽ ഈ എസ്.എം.എസ് അയച്ചവരെല്ലാം വീണ്ടും എസ്.എം.എസ് അയയ്ക്കേണ്ടി വരുമെന്ന് ഫെയർകോ‍ഡ് കമ്പനി അധികൃതർവ്യക്തമാക്കി.


ഇന്ന് രാത്രി 10 മണിക്ക് മുൻപ് ആപ്പ് വരുന്നതോടെ 464000 ടോക്കൺ വരെ നൽകാനാകുമെന്ന് കമ്പനി വ‍ൃത്തങ്ങൾ പറയുന്നു. ഇതുവരെ 10ലക്ഷം എസ്.എം.എസുകളാണ് സർവീസ് പ്രൊവൈഡർക്ക് ലഭിച്ചത്. എന്നാൽ ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ ഈ ബുക്കിങ് സ്വീകരിക്കില്ല. ഇത്തരത്തിൽ എസ്.എം.എസ് അയച്ചവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരും.
ഇതിനിടെ ആപ്പിന്റെ  ബീറ്റാ വേർഷൻ ചോർന്നിരുന്നു. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടതെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു. നിലവിൽ ബീറ്റ വേർഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് ഒടിപി ലവൽ വരെ പ്രവേശിക്കാനാകും. ബീറ്റ വേർഷനിൽ ടോക്കൺ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അസാധുവായിരിക്കുമെന്നും ഫെയർകോഡ് അറിയിച്ചു.


നാളെ രാവിലെ ഒമ്പതുമണിക്ക് മദ്യവിൽപന തുടങ്ങുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാവിലെ ആറുമണിക്കുള്ളിൽ ആപ് തയാറായാൽ മതിയാകുമെന്നാണ് സർക്കാർ നിലപാട്. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യവില്‍പന. ബുക്കിങ് രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവില്‍പന.


301 ബെവ്‌കോ ഔട്‌ലറ്റുകളിലും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍ക്കും. 291 ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും മാത്രം വില്‍പന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. ഒരു ഫോണ്‍ നമ്പറില്‍ നാലുദിവസത്തില്‍ ഒരുതവണ മാത്രമേ മദ്യം ലഭിക്കൂവെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K