29 May, 2020 05:47:56 AM


മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു



കൽപറ്റ: മുൻ കേന്ദ്ര - സംസ്ഥാന മന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. 84 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം കൽപറ്റയിൽ നടക്കും. 


1996ലും 2004ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തി. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ആണ്. 2016 - 2017 കാലഘട്ടത്തില്‍ യു.ഡി.എഫിന്‍റെ പ്രതിനിധിയായി ജനതാദളില്‍ നിന്നും രാജ്യസഭാംഗമായിരുന്നു. പിന്നീട് രാജി വെച്ചു. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റും ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവുമാണ്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായിരുന്നു.  മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 


പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍ (ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).


ഹൈമവതഭൂവിൽ (2010ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും 2016ലെ മൂർത്തീദേവി പുരസ്കാരത്തിനും അര്‍ഹമായി), സ്മൃതിചിത്രങ്ങൾ, ആമസോണും കുറേ വ്യാകുലതകളും (2002ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി), ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര (ഓടക്കുഴൽ പുരസ്കാരത്തിന് അര്‍ഹമായി), ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.


ഓടക്കുഴൽ പുരസ്കാരം, സി. അച്യുതമേനോൻ പുരസ്കാരം, ജി. സ്‌മാരക പുരസ്കാരം, നാലപ്പാടൻ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം, എം.ഇ.എസ്‌. എക്‌സലെൻസ്‌ പുരസ്കാരം, സി.എച്ച്‌. മുഹമ്മദ്‌കോയ സ്മാരക പുരസ്കാരം, ദുബായ്‌ കൈരളി കലാ കേന്ദ്ര പുരസ്കാരം, ഭാരത്‌ സൂര്യ പുരസ്കാരം, സി.ബി. കുമാർ എൻഡോവ്‌മെന്റ്‌ ദർശൻ കൾച്ചറൽ പുരസ്കാരം, കൊടുപുന്ന സ്മാരക പുരസ്കാരം, വയലാർ അവാർഡ് (2008), വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജന്മശദാബ്ദി അവാർഡ് (2009), കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2013), മൂർത്തീദേവി പുരസ്കാരം (2016) എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K