28 April, 2016 10:57:16 PM


എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശത്തിന്​ ഏകീകൃത പരീക്ഷ


ദില്ലി : എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശത്തിന്​ ഏകീകൃത പരീക്ഷ (നീറ്റ്)  നടത്താൻ സുപ്രീംകോടതി ഉത്തരവ്​. ഇതോടെ സംസ്ഥാന സർക്കാറും, സ്വാശ്രയ മാനേജ്​മെൻറുകളും നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷ റദ്ദാകും. എന്നാൽ ആയുർവേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് സംസ്ഥാന എൻട്രൻസിൽ നിന്നുതന്നെയാകും പ്രവേശം അനുവദിക്കുക.

സുപ്രീംകോടതി വിധിയോടെ സംസ്ഥാന സർക്കാറിന്‍റെ മെഡിക്കൽ പ്രവേശ പരീക്ഷയിൽ നിന്ന് ഇവയുടെ ഫലങ്ങൾ പരിഗണിക്കില്ല. രണ്ട്​ ഘട്ടമായി മെയ്​ ഒന്നിനും ജൂലൈ 24 നുമാണ്​ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) നടക്കുക. മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എൻട്രൻസിന്​ രജിസ്​റ്റർ ചെയ്യാത്തവർക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക്​ അപേക്ഷിക്കാം. ഫല​പ്രഖ്യാപനം ആഗസ്​റ്റ്​ 17ന്. സെപ്​റ്റംബർ 30 നകം  കൗൺസലിങ്​ അടക്കുമുള്ള പ്രവേശ നടപടികൾ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. സി.ബി.എസ്​.ഇക്കാണ്​ പരീക്ഷ നടത്തിപ്പി​ൻറെ ചുമതല.

മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന്​ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോൾ ഏകീകൃത പ്രവേശ പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും  ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇന്ന്​ വാദം കേട്ട ശേഷം ഏകീകൃത പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഇത്തവണ മെഡിക്കൽ ബിരുദ പ്രവേശനത്തിന് മാത്രമാകും നീറ്റ് നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം നീറ്റിൽ പി.ജി കോഴ്സുകൾ അടുത്ത വർഷമേ ഉൾപ്പെടുത്തൂ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K