12 June, 2020 01:41:29 AM


മലയാള സിനിമയുടെ 'ചാർളി ചാപ്ലിൻ' ഓര്‍മ്മയായിട്ട് ഇന്ന് 35 വര്‍ഷം

- ഹരിയേറ്റുമാനൂര്


>>  1982ൽ കാഥികൻ സാംബശിവൻ നായകവേഷത്തിലെത്തിയ പല്ലാങ്കുഴി ആയിരുന്നു എസ്.പി.പിള്ളയുടെ അവസാനചിത്രം. ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് ലേഖകന്‍  <<


അനുകരണ കലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിന് ഹാസ്യത്തിന്‍റെ പുത്തനുണര്‍വ്വേകിയ ആദ്യകാല നടന്‍ എസ് പി പിള്ള കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 35 വർഷം. പ്രേക്ഷകരെയാകെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് നയിച്ച മലയാളത്തിന്റെ 'ചാർലി ചാപ്ലിൻ' എന്നറിയപ്പെട്ട എസ് പി പിള്ള എന്ന പങ്കജാക്ഷൻ പിള്ളയുടെ ചരമവാർഷികമാണ്  ജൂൺ 12ന്.

ഒരു കാലത്ത് മലയാള ചലച്ചിത്രലോകത്തിന്‍റെ അവിഭാജ്യഘടകമായിരുന്ന എസ്.പി. പിള്ള കടന്നു വന്ന വഴികള്‍ ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പൊലീസ് കോൺസ്റ്റബിളായിരുന്ന ശങ്കരൻ പിള്ളയുടേയും കാർത്യായനിയമ്മയുടേയും പുത്രനായി 1913ൽ ജനനം. വളരെ ചെറിയ പ്രായത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലും. അമ്പലത്തിൽ പാണി കൊട്ടിയും അടുത്ത വിട്ടിലെ പടിപ്പുരയിൽ അന്തിയുറങ്ങിയുമാണ് അദ്ദേഹവും സഹോദരനും കൗമാരം കഴിച്ചു കൂട്ടിയത്. വലുതായപ്പോൾ ചുമടെടുത്തും, എന്തു ജോലിയും ചെയ്ത് ജീവിച്ചിരുന്ന എസ് പി പിള്ള തികച്ചും യാദൃശ്ചികമായി നാടകലോകത്തേയ്ക്ക് എത്തിപ്പെട്ടു.

ഒരു പകരക്കാരനായാണ് എസ് പി പിള്ള നാടകവേദിയിലെത്തുന്നത്. താൻ ചെയ്ത വേഷം ശ്രദ്ധേയമാക്കാൻ കഴിഞ്ഞതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഭിനയത്തിൽ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കൽ ഏറ്റുമാനൂരിലെത്തിയ മഹാകവി വള്ളത്തോളിനെ അനുകരിച്ച് കാണിച്ചത് എസ്പിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. വള്ളത്തോൾ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു വർഷം കലാമണ്ഡലത്തിൽ നിന്നും ഓട്ടന്‍തുള്ളൽ അഭ്യസനം പൂർത്തിയാക്കിയ എസ് പി പിള്ള തിരിച്ചു വന്ന് പ്രൊഫഷണൽ നാടകവേദിയുടെ സജീവസാന്നിദ്ധ്യമാകുകയായിരുന്നു.

സാഹിത്യകാരനും നിരൂപകനുമായ രാമവർമ്മ അപ്പൻ തമ്പുരാൻ  നിർമ്മിച്ച "ഭൂതരായർ" എന്ന ചിത്രത്തിലാണ് എസ് പി ആദ്യം അഭിനയിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ഭൂതരായർ റിലീസ് ചെയ്യപ്പെട്ടില്ല. എങ്കിലും എസ് പി പിള്ളയുടെ സിനിമാപ്രവേശം വെറുതെയായില്ല. 1950ൽ പുറത്തിറങ്ങിയ "നല്ല തങ്ക"യിലെ മുക്കുവനും അടുത്ത വർഷമിറങ്ങിയ "ജീവിതനൗക"യിലെ ശങ്കുവും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യമുറപ്പിക്കാൻ പോന്ന കഥാപാത്രങ്ങളായി. ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടാക്സി ഡ്രൈവർ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. 

1982ൽ കാഥികൻ സാംബശിവൻ നായകവേഷത്തിലെത്തിയ പല്ലാങ്കുഴി ആയിരുന്നു അവസാനചിത്രം. മരിക്കുന്നതു വരെ വടക്കൻപാട്ടിനെ ആസ്പദമാക്കി മലയാളത്തിൽ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ് പി പിള്ളയായിരുന്നു. ആത്മകഥ എന്ന പേരിലുള്ള ആത്മകഥ ജനയുഗം പ്രസിദ്ധീകരിച്ചു.  1977ല്‍ ടാക്സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സർക്കാർ അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. മലയാളത്തിൽ 100 സിനിമകൾ തികച്ചതിനു തമിഴ് നാട് സർക്കാറിന്റെ അവാർഡിനു പുറമെ ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസർക്കാർ അവാർഡും ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡിനും എസ്.പി പിള്ള അര്‍ഹനായി.


എസ് പി പിള്ള, തിക്കുറിശ്ശി, ടി എൻ ഗോപിനാഥൻ നായർ എന്നിവരുമായി ചേർന്ന് സ്ഥാപിച്ച "കലാകേന്ദ്രം" എന്ന സ്ഥാപനം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. അവശ ചലച്ചിത്രപ്രവര്‍ത്തക യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്ന ഇദ്ദേഹം വേദിയിൽ നിന്നും വിരമിച്ച അനേകം കലാകാരന്മാർക്ക് സഹായമെത്തിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. ഏറ്റുമാനൂരപ്പന്‍റെ കടുത്ത ഭക്തനായിരുന്ന എസ് പി പിള്ള 1985 ജൂൺ 12ന് അന്തരിച്ചു.  പ്രശസ്ത ചലച്ചിത്ര-സീരിയൽ താരം മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്. ഭാര്യ: സരസ്വതി, മക്കൾ: ചന്ദ്രിക, സതീഷ്, കല, ശോഭന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K