17 June, 2020 07:33:00 AM


കുടുംബത്തിനു നൽകിയ വാക്ക് പാലിക്കാനായില്ല; പുതിയ വീടിന്‍റെ പാലുകാച്ചലിന് പളനിയില്ല



ചെന്നൈ: പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മടങ്ങി വരാമെന്നറിയിച്ചാണ് സൈനികനായ പഴനി ഇക്കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ വന്നു മടങ്ങിയത്. എന്നാൽ ആ വാക്ക് പൂർത്തിയാക്കാൻ നിൽക്കാതെ അദ്ദേഹം മടങ്ങി. കഴിഞ്ഞദിവസം ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരിൽ ഒരാൾ പളനിയായിരുന്നു. ചെന്നൈ രാമനാഥപുരം സ്വദേശിയായ പഴനി ഉൾപ്പെടെ ഇരുപതോളം സൈനികരാണ് അതിർത്തിയിൽ കൊല്ലപ്പെട്ടത്.


ഇക്കഴിഞ്ഞ ജൂൺ മൂന്നിന് സൈനികന്‍റെ കുടുബാംഗങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. പുതിയ വീടിന്‍റെ പണി പൂർത്തിയായതിന്‍റെ സന്തോഷത്തിലായിരുന്നു ഇത്. പളനിയുടെ നാൽപ്പതാം ജന്മദിനം കൂടിയായ അന്ന്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആർമി ഹവീൽദാർ ആയ പളനി നാട്ടിൽ വന്നുപോയത്. ഇനി പുതിയ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കെടുക്കാൻ മടങ്ങിയെത്തുമെന്നറിയിച്ചായിരുന്നു മടക്കം. എന്നാൽ ജൂൺ ആദ്യവാരം വീട്ടിലേക്കു വിളിച്ചപ്പോൾ തന്നെ അതിർത്തിയിലെ സംഘർഷങ്ങളെ കുറിച്ച് ഇദ്ദേഹം കുടുംബാംഗങ്ങൾക്ക് സൂചന നൽകിയിരുന്നു.


തനിക്ക് പുതിയ ദൗത്യം വന്നിട്ടുണ്ടെന്നും ഉടനെയൊന്നും വീട്ടിലേക്ക് മടങ്ങാനാകില്ലെന്നുമായിരുന്നു ഭാര്യയായ വനതി ദേവിയെ സൈനികൻ അറിയിച്ചത്. എന്നാൽ കഴിഞ്ഞദിവസം കുടുംബത്തെ തേടിയെത്തിയത് പളനിയുടെ മരണവാർത്തയായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരവും സൈന്യത്തിൽ സേവനം അനുഷ്ടിക്കുകയാണ്. ഇയാളാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്.


ബിഎ ബിരുദധാരിയായ പളനി, 18-ാം വയസിലാണ് സൈനിക സേവനം തെരഞ്ഞെടുത്തത്. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികന്‍റെ സംസ്കാര ചടങ്ങുകൾ സ്വന്തം നാട്ടിൽ ഇന്ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തന്നെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വനതാ ദേവിയാണ് പളനിയുടെ ഭാര്യ. പത്തും എട്ടും വയസുള്ള രണ്ട് മക്കളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K