25 June, 2020 06:02:40 PM


'തെറ്റ് ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പെങ്കില്‍ അത് ഇനിയും ആവര്‍ത്തിക്കും' - ചെന്നിത്തല



തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും യു ടേണ്‍ അടിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഒരു ആലോചനയുമില്ലാതെ പ്രവാസികളെ കൊണ്ടുവരുന്നതില്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രതിപക്ഷം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തെറ്റായ നടപടി ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ഞങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.


കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച്‌ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറയറ്റിനു മുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പ്രവാസികളോടു കേറിവാടാ മക്കളേ എന്നു പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ആരും ഇങ്ങോട്ടു വരണ്ട എന്ന നിലപാട് എടുത്തു. ഇപ്പോള്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റിനു പകരം പി.പി.ഇ. കിറ്റ് മതി എന്നു പറയുന്നു. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.


മരണമടഞ്ഞ പ്രവാസികളുടെ പടം പ്രസിദ്ധീകരിച്ച പത്രത്തെ സാമൂഹിക വിരുദ്ധര്‍ എന്നു പറഞ്ഞു ആക്ഷേപിച്ചു. സര്‍ക്കാരിന്‍റെ തലതിരിഞ്ഞ തീരുമാനങ്ങളെക്കുറിച്ചു വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ആക്ഷേപിക്കുന്നു.കേരളത്തിന്‍റെ സമഗ്ര പുരോഗതിക്കായി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ് പ്രവാസികള്‍. ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K