28 June, 2020 05:37:48 PM


ഇലക്ട്രിക് ബസ് വാങ്ങാനുള്ള ഇ മൊബിലിറ്റി പദ്ധതിയിൽ വന്‍ അഴിമതിയെന്ന് ചെന്നിത്തല



തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുവായിരം ഇലക്ട്രിക് ബസ് വാങ്ങാനുള്ള 4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ കരിമ്പട്ടികയിൽപ്പെട്ട ലണ്ടൻ ആസ്ഥാനമായ കമ്പനിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് കരാർ നൽകിയതെന്നും മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടെന്നും ചെന്നിത്തല ആരോപിച്ചു.


പദ്ധതിയുടെ കൺസൾട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് നൽകിയത് ടെണ്ടറില്ലാതെയും മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയോട് ഡിപിആർ തയ്യാറാക്കാൻ തീരുമാനിച്ചത്. സത്യം കുംഭകോണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ട കമ്പനിയാണിത്. കെ-ഫോൺ, കൊച്ചി വ്യവസായ ഇടനാഴി എന്നീ പദ്ധതികളുടെ  കൺസൾട്ടൻസിയും ഈ കമ്പനിക്കാണ് നൽകിയത്. കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ചെന്നിത്തല വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K