29 June, 2020 03:14:37 PM


ജോസ് കെ മാണി പുറത്ത്; വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ



തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും ജോസ് കെ മാണി വിഭാഗം തയാറായില്ല. ഇതേത്തുടർന്നാണ് കടുത്ത നടപടിയെടുക്കാൻ യു.ഡി.എഫ് നേതൃത്വത്തെ നിർബന്ധിതമാക്കിയതെന്നാണ് വിവരം.


ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി.


ജോസ് പക്ഷത്തെ പുറത്താക്കിയതു സംബന്ധിച്ച് വൈകിട്ട് നാലിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്നും വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K