01 July, 2020 03:35:24 PM


റോഡപകടങ്ങളില്‍ പരിക്കേറ്റാൽ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍



ദില്ലി: വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് ആലോചിക്കുന്നത്. അപകടത്തിൽ പെട്ടയാളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള നിർണായക സമയമായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുൾപ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.


ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാൽ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കി. അപകടത്തിൽ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണൽ ഹെൽത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസിയായി നിയമിക്കുക.


പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിലും അപകടത്തിൽ പരിക്കേറ്റവർക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകും. രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K