08 July, 2020 11:19:56 PM


599 രൂപയ്ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തു: പോയത് 14000 രൂപ; യുവാവിനെ ആപ്പിലാക്കി 'ആപ്പ്'?



കോഴിക്കോട്: 599 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തപ്പോള്‍ യുവാവിന്‍റെ അക്കൗണ്ടില്‍നിന്നും 14,400 രൂപ. എലത്തൂര്‍ പുതിയനിരത്ത് 'ശ്രീരാഗ'ത്തില്‍ പി.ഷിബുവിനാണ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് വഴി ഫോണ്‍ റീചാര്‍ജ് ചെയ്തപ്പോള്‍ പണം നഷ്ടമായത്. ജൂണ്‍ മൂന്നിനായിരുന്നു ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.


ഫോണ്‍ റീചാര്‍ജ് ചെയ്ത ശേഷം ജൂണ്‍ 16 മുതല്‍ ജൂലൈ ഒന്നു വരെയുള്ള വിവിധ തിയതികളില്‍ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14400 രൂപയുടെ ഇടപാട് നടന്നതായാണ് ബാങ്ക് സ്റ്റേറ്റ്മെന്റിലുള്ളത്. മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നല്‍കിയപ്പോള്‍ മതിയായ നിക്ഷേപമില്ലെന്ന കാരണത്താല്‍ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പു വന്നപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ കാര്യം ഷിബു അറിയുന്നത്. 


ഒ.ടി.പി പറഞ്ഞുകൊടുത്തോ രണ്ടാമതൊരാള്‍ എ.ടി.എം കാര്‍ഡിലെ പിന്‍നമ്പര്‍ ഉപയോഗിച്ച്‌ പിന്‍വലിച്ചതോ അല്ലാത്തതിനാല്‍ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് നടക്കാവ് പൊലീസ് പറയുന്നത്. നഗരത്തില്‍ വ്യത്യസ്ത സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായുള്ള പരാതികള്‍ നേരത്തേയുണ്ട്. ടൗണ്‍ സ്റ്റേഷനില്‍ ഇത്തരത്തിലുള്ള നാല് പരാതികളുണ്ട്. നഗരത്തിലെ ഒരു വ്യാപാരി ചരക്കു ലഭിക്കാന്‍ ഛത്തീസ്ഗഢിലുള്ള സ്ഥാപനത്തിന് ഓണ്‍ലൈനില്‍ പണമടച്ചപ്പോള്‍ 1,01,600 രൂപ നഷ്ടപ്പെട്ടതായി ടൗണ്‍ പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ മേല്‍വിലാസം വ്യാജമായിരുന്നു.


ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുത്തതിനാലാണ് ഇയാള്‍ക്ക് പണം നഷ്ടപ്പെട്ടത്. ഇതു കൂടാതെ, കരസേനയുടെ പഴയ വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ച ഒരാള്‍ക്ക് 35,000 രൂപയും മറ്റൊരാള്‍ക്ക് 40,000 രൂപയും നഷ്ടപ്പെട്ടു. കസബയില്‍ മൂന്നും മാറാട് ഒരു പരാതിയുമുണ്ട്. ഈ കേസുകളിലും ഫോണിലൂടെ ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ റീചാര്‍ജിനുള്ള ആപ്പില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന കാര്യത്തില്‍ ശാസ്ത്രീയപരിശോധനയും ആവശ്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K