29 July, 2020 04:38:29 PM


ഏറ്റുമാനൂരിൽ ഇന്ന് 6 പേർക്ക് കോവിഡ്: പരിശോധന ഏകപക്ഷീയമെന്ന് നഗരസഭ



ഏറ്റുമാനൂർ: നഗരസഭാ മന്ദിരത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 193 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. എന്നാൽ തങ്ങൾ തയ്യാറാക്കി നൽകിയ ലിസ്റ്റ് പ്രകാരമുള്ള ആളുകളെ പരിശോധനക്ക് വിധേയമാക്കാത്തതിൽ പ്രതിഷേധവുമായി നഗരസഭ രംഗത്തെത്തി.


പേരുർ റോഡിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിൽ തിങ്കളാഴ്ച 45 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഏറ്റുമാനൂരിൽ സമൂഹ വ്യാപനം ഉണ്ടായി എന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റുമായി സമ്പർക്ക സാധ്യത ഉള്ളവരെയെല്ലാം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റ് നഗരസഭാ കൗൺസിലർമാർ കൂടി തയ്യാറാക്കി നൽകിയത്. ഈ ലിസ്റ്റ് പരിഗണിക്കാതെയാണ് ആരോഗ്യ വകുപ്പ് ഇന്ന് പരിശോധന നടത്തിയതെന്നാണ് ആരോപണം.


മാർക്കറ്റുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരെ പുറത്തു നിർത്തി സഹകരണ ബാങ്കിലെ ജീവനക്കാരെ ഒന്നടങ്കം പരിശോധിച്ചു. നഗരസഭക്കു വെളിയിൽ നിന്നുള്ളവരും പരിശോധനക്ക് വിധേയരായി എന്നാണ്  ഇന്നത്തെ ഫലം വെളിപ്പെടുത്തുന്നതെന്ന് ചെയർമാൻ ബിജു കൂമ്പിക്കന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പകുതിയും നഗരസഭാ പരിധിക്ക് പുറത്തുള്ളവരാണത്രേ. എന്നാൽ ഇവർ നഗരസഭാ പരിധിയിൽ ദിനംപ്രതി വന്നു പോകുന്നവരാണെന്ന് എഎംഓ ഡോ.സജിത് പറഞ്ഞു. കാണക്കാരി, അതിരമ്പുഴ, മാഞ്ഞൂർ പഞ്ചായത്തുകളിൽ ഇതേ ദിവസം പരിശോധനയുള്ളപ്പോൾ ഏറ്റുമാനൂർ നിവാസികളെ മാറ്റിനിർത്തിയത് ശരിയല്ലെന്നാണ് നഗരസഭയുടെ പക്ഷം.


നഗരസഭാ കൗൺസിലർമാരും വാർഡ്തല ജാഗ്രതാ സമിതിയും നൽകുന്ന ലിസ്റ്റിലെ ആളുകളെയും പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ ആളുകളെയും ഉടൻ പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.പി.മോഹൻദാസ് ആവശ്യപ്പെട്ടു. ഇതിനുള്ള പശ്ചാത്തല സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്. മാർക്കറ്റുമായി ബന്ധപ്പെട്ട രോഗവ്യാപകർ ഇനിയും ഉണ്ടെങ്കിൽ അതുമൂലം ഏറ്റുമാനൂരിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് ആരോഗ്യ വകുപ്പ് ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K