30 July, 2020 05:01:13 PM


ലൈഫ് മിഷന്‍; ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നു

അപേക്ഷ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനില്‍ നല്‍കാം



കോട്ടയം: കുടുംബശ്രീ 2017-ല്‍ തയ്യാറാക്കിയ ലൈഫ് ഭവന നിര്‍മാണ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും അതിനുശേഷം മാനദണ്ഡ പ്രകാരം  അര്‍ഹരായവര്‍ക്കും പുതിയ പട്ടികയിലേക്ക് അപേക്ഷിക്കാം.  അപേക്ഷ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി അതത് പഞ്ചായത്തിലേക്കോ മുനിസിപ്പാലിറ്റിയിലേക്കോ ആണ് സമര്‍പ്പിക്കേണ്ടത്.


ഭൂമിയുള്ള ഭവനരഹിതരില്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായാണ് പരിഗണിക്കുക. കുടുംബം 2020 ജൂലൈ ഒന്നിനു മുമ്പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാളും സ്വന്തമായി വീടില്ലാത്തവരും ആയിരിക്കണം.  പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഈ മാനദണ്ഡം ബാധകമല്ല. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,  പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവരും  ഇത്തരം സ്ഥാപനങ്ങളില്‍നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരും അപേക്ഷ നല്‍കാന്‍ അര്‍ഹരല്ല.


വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പഞ്ചായത്തുകളില്‍ 25 സെന്‍റില്‍ അധികമോ മുനിസിപ്പാലിറ്റികളില്‍ അഞ്ചു സെന്‍റില്‍ അധികമോ ഭൂമി സ്വന്തമായുള്ള പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഒഴികെയുള്ള കുടുംബങ്ങളും ഉപജീവന തൊഴിലിനല്ലാതെ സ്വന്തമായി നാലു ചക്രവാഹനങ്ങള്‍ ഉള്ളവരും അപേക്ഷ നല്‍കാന്‍ അര്‍ഹരല്ല. ജീര്‍ണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ കഴിയാത്തതുമായ വീടുകള്‍ ഉള്ളവരെയും പരിഗണിക്കും.


ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അഗതി/ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഭിന്നലിംഗക്കാര്‍, 40 ശതമാനത്തിലേറെ അംഗവൈകല്യമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, അവിവാഹിതയായ അമ്മമാര്‍ കുടുംബനാഥയായ കുടുംബങ്ങള്‍, രോഗമോ അപകടമോ മൂലം തൊഴിലെടുത്ത് ജീവിക്കാനാകാത്ത കുടുംബനാഥനുള്ള കുടുംബങ്ങള്‍, വിധവയായ കുടുംബനാഥയും സ്ഥിരം വരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍, എച്ച്. ഐ. വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പട്ടികയില്‍ മുന്‍ഗണന ലഭിക്കും. അര്‍ഹമായ  കുടുംബങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡസ്‌ക്കുകള്‍ വഴിയോ, ഓണ്‍ലൈന്‍ സേവനദാതാക്കള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.


റേഷന്‍കാര്‍ഡിന്‍റെയും ആധാര്‍കാര്‍ഡിന്‍റെയും പകര്‍പ്പ്,  വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.സി-എസ്.ടി. വിഭാഗങ്ങളില്‍ പെടുന്നവരാണെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,   ഭൂരഹിതരാണെങ്കില്‍ ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന മേഖലയിലോ മറ്റു സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ല എന്ന ഗുണഭോക്താവിന്‍റെ സാക്ഷ്യപത്രവും, മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ അതിനുള്ള സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അന്തിമ പട്ടിക സെപ്റ്റംബര്‍ 30 നകം  പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K