05 August, 2020 05:18:32 PM


സമ്പര്‍ക്ക വ്യാപനം: 'കരം തൊടാത്ത കരുതല്‍' പദ്ധതിയ്ക്ക് കോട്ടയത്ത് തുടക്കം




കോട്ടയം: കോവിഡ് സമ്പര്‍ക്ക വ്യാപനത്തിനെതിരായ ബോധവത്കരണത്തിനായി കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച കരം തൊടാത്ത കരുതല്‍ മാതൃകാപരമായ പദ്ധതിയാണെന്നും എല്ലാ ജില്ലകളിലും നടപ്പാക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 


സമ്പര്‍ക്കം മുഖേനയുള്ള കോവിഡ് വ്യാപനം തടയുന്നതിന് വ്യാപകമായ ബോധവത്കരണം നടത്തിവരുന്നുണ്ടെങ്കിലും ഇത് പിന്തുടരാന്‍ പലരും വിമുഖത കാട്ടുന്നു. സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നത് കൂടുതല്‍ ഫലപ്രദമാകും. ക്വാറന്‍റയിനില്‍ കഴിയുന്ന എല്ലാവരെയും വാട്സപ്പ് ഗ്രൂപ്പുകള്‍ മുഖേന ഏകോപിപ്പിക്കുന്നതും ബോധവത്കരണത്തിനൊപ്പം അവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും അകറ്റാന്‍ വഴിതുറക്കുന്നതും ശ്രദ്ധേയമായ ചുവടുവയ്പ്പാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു-മന്ത്രി  പറഞ്ഞു.  


ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. ക്വാറന്‍റയിന്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ പ്രചാരണ പരിപാടി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ എം. അഞ്ജന ആമുഖ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കേരള അസോസിയേഷന്‍ ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഐപ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 


ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരം തൊടാത്ത കരുതല്‍ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി ക്വാറന്‍റയിന്‍ ബോധവത്കരണവുമായി ബന്ധപ്പെട്ട പത്തു ഹൃസ്വ വീഡിയോകളാണ് ക്വാറന്‍റയിനില്‍ കഴിയുന്ന എല്ലാവരിലും എത്തിക്കുക. റോബി വര്‍ഗീസാണ് വീഡിയോകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ സെബാസ്റ്റ്യന്‍റേതാണ് തിരക്കഥകള്‍. സന്ദീപ് സാലി ഛായാഗ്രഹണവും നോബിള്‍ സാം പ്രിന്‍സ് ഏകോപനവും നിര്‍വഹിച്ചിരിക്കുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K